കൊച്ചി: റോഡിന്റെ അറ്റകുറ്റപ്പണി നടത്തും, കാന വൃത്തിയാക്കും, നഗരത്തെ സുന്ദരിയാക്കും.... നിരവധി വാഗ്ദാനങ്ങൾ നൽകി ജയിച്ചുവന്ന കൗൺസിലർമാർ ഇനി ഇത്തിരി വിയർക്കും. ഇപ്പറഞ്ഞ പ്രവൃത്തികൾ നടക്കണമെങ്കിൽ കരാറുകാർ കനിയണം. നിലവിലെ സാഹചര്യത്തിൽ കരാറുകാരുടെ സഹകരണം ലഭിക്കാൻ സാദ്ധ്യത കുറവാണ്. പഴയ കുടിശിക തീർക്കാതെ ഡിവിഷനുകളിലെ പുതിയ പ്രവൃത്തികൾ ഏറ്റെടുക്കേണ്ടെന്നാണ് അവരുടെ തീരുമാനം.

മൂന്നു വർഷത്തെ കുടിശികയായി നൂറു കോടി രൂപയാണ് കോർപ്പറേഷനിലെ ജോലികൾ ചെയ്യുന്ന കരാറുകാർക്ക് ലഭിക്കാനുള്ളത്. നിർമ്മാണ വസ്തുക്കൾ നൽകുന്നവർക്കും തൊഴിലാളികൾക്കും പണം നൽകാൻ നിവൃത്തിയില്ലാത്തതിനാൽ പുതിയ പണികൾ ഏറ്റെടുക്കില്ലെന്ന് അവർ പറയുന്നു.

# മേയറുമായി കൂടിക്കാഴ്ച ഇന്ന്

കോർപ്പറേഷനിൽ ഭരണമാറ്റം വന്നതോടെ കരാറുകാർ പ്രതീക്ഷയിലാണ്. മേയർ അഡ്വ. എം. അനിൽകുമാറിനെ ഇന്ന് നേരിൽക്കണ്ട് ഞങ്ങളുടെ ദയനീയാവസ്ഥ ബോദ്ധ്യപ്പെടുത്തും. അഞ്ചു വർഷം മുമ്പ് ചെയ്ത ജോലികളുടെ തുക വരെ കുടിശികയാണ്. കടമെടുത്തും വീട്ടുകാരുടെ ആഭരണങ്ങൾ പണയംവച്ചും ജോലികൾ പൂർത്തിയാക്കിയിട്ടും ഫണ്ടില്ലെന്ന് പറഞ്ഞ് പണം തരാതെ പഴയ ഭരണക്കാർ കബളിപ്പിച്ചു.

2019 ഡിസംബറിൽ കരാറുകാർക്ക് 10 കോടി രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്ത് നൽകുന്നതിന് മുൻ ഭരണസമിതി തീരുമാനിച്ചുവെങ്കിലും സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ നടപ്പായില്ല. അടിയന്തരമായി ഈ തുക അനുവദിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മേയറോട് ആവശ്യപ്പെടും.

ഡേവിഡ്

സെക്രട്ടറി

കൊച്ചിൻ കോർപ്പറേഷൻ കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ

# കേസ് കോടതിയിൽ

ഫണ്ടില്ലാതെ പ്രവൃത്തികൾക്ക് ടെൻഡർ നൽകുന്നു, ജോലികൾ പൂർത്തിയാക്കിയാൽ മൂന്നു മാസത്തിനകം കരാറുകാരുടെ തുക നൽകണമെന്ന നിയമം നിരന്തരം ലംഘിക്കുന്നു, മിച്ച ബഡ്‌ജറ്റ് അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ കോർപ്പറേഷനെതിരെ നൽകിയ കേസ് കോടതി ഈമാസം പരിഗണിക്കും. .

# ഡിവിഷൻ പ്രവൃത്തികളെ ബാധിക്കും

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തിന് പുറമെ തനത് ഫണ്ടിൽ നിന്നുള്ള പണം കൂടി കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു. അമൃത്, സ്‌മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് എന്നിവയെല്ലാം കേന്ദ്രാവിഷ്കൃത പദ്ധതികളാണ്. പ്ളാൻ ഫണ്ട് വഴിയാണ് സംസ്ഥാന സർക്കാരിന്റെ പണമെത്തുന്നത്. ജോലികൾ തീരുന്ന മുറയ്ക്ക് കരാറുകാർക്ക് ട്രഷറിയിൽ നിന്ന് ഈ തുക ലഭിക്കും. ഇതിനു പുറമെ ഡിവിഷൻ തലത്തിലുള്ള പ്രവൃത്തികൾക്കായി കൗൺസിലർമാർക്ക് എല്ലാ വർഷവും 50 ലക്ഷം വീതം അനുവദിക്കും. കോർപ്പറേഷന്റെ സ്വന്തം ഫണ്ടിൽ നിന്നാണ് ഇതിനുള്ള വക കണ്ടെത്തേണ്ടത്. ഖജനാവ് കാലിയായതോടെ കുടിശിക നൽകാൻ നിർവാഹമില്ലാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.