ആലുവ: ത്രിതല തിരഞ്ഞെടുപ്പിൽ ജില്ലയിൽ സി.പി.എം മുന്നണി മര്യാദ പാലിച്ചില്ലെന്നും ഇതിൽ ശക്തമായി പ്രതിഷേധിക്കുകയാണെന്നും എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അറിയിച്ചു. എൻ.സി.പിയുടെ സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ സി.പി.എം തട്ടിയെടുത്തു. എൻ.സി.പിയുടെ കൈവശമിരുന്ന രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ കീഴ്മാട് ഡിവിഷൻ ഏറ്റെടുത്ത സി.പി.എം പകരം നൽകാമെന്ന് പറഞ്ഞ വാഴക്കുളം ബ്ളോക്ക് ഡിവിഷൻ നൽകിയില്ല.

തിരഞ്ഞെടുപ്പിന് ശേഷം എടത്തല ഗ്രാമപഞ്ചായത്തിൽ എൻ.സി.പി പാർലമെന്ററി പാർട്ടിയെ സി.പി.എം പിളർത്തി. എൻ.സി.പി ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനിച്ച യുവ നേതാവ് അഫ്സൽ കുഞ്ഞുമോനെ അവഗണിച്ച് എൻ.സി.പി സ്വതന്ത്രനായി ജയിച്ച അബ്ദുൾ ഖാദറിന് വൈസ് പ്രസിഡന്റ് സ്ഥാനം നൽകി. മുന്നണി മര്യാദ ലംഘിച്ച സി.പി.എം തീരുമാനം പുനപ്പരിശോധിക്കണം. ജനുവരി 11ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കമ്മിറ്റി വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അറിയിച്ചു.