biriyani

കൊച്ചി : ഫാ ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അഗതി മന്ദിരങ്ങളിൽ ഭക്ഷണം നൽകുന്നതിനായി 'ഹംഗർ ഹണ്ട് ' എന്ന പേരിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും വൈ.എം.സി.എയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ( വെള്ളി )എല്ലാ ജില്ലകളിലും നടക്കുമെന്ന് ഫാ ഡേവിസ് ചിറമേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ മാസവും ഒന്നാം തീയതി സംസ്ഥാനത്തെ മുഴുവൻ അഗതികൾക്കും ഒരു നേരം ബിരിയാണി നൽകുന്നതിന് ജയിൽ സൂപ്രണ്ടുമാർക്കും ജയിൽ ഡി. ജി. പി ഋഷിരാജ് സിംഗ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണം വിതരണം ചെയ്യുന്നത് വൈ.എം.സി.എ പ്രവർത്തകരാണ്. സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിയ്യൂർ സെൻട്രൽ ജയിലിലെ അക്കൗണ്ടിൽ പണം അയയ്ക്കാം. ഇതോടൊപ്പം നിലവിൽ കടങ്ങോട്, ചാലക്കുടി, വടക്കുംചേരി എന്നിവിടങ്ങളിൽ നടപ്പാക്കി വരുന്ന 'ക്ലോത്ത് ബാങ്ക് ' കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഉദ്ദേശമുണ്ട്. ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കാൻ കഴിയുന്നുണ്ടെന്നും ഫാ ഡേവിസ് ചിറമേൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഖ്യ രക്ഷാധികാരി ജസ്റ്റിസ് ബഞ്ചമിൻ കോശി, ജോസ് സി. വി , രാജൻ തോമസ്, വി .കെ. വർഗീസ് എന്നിവർ പങ്കെടുത്തു.