school

യൂണിഫോം നിർബന്ധമില്ല.

അറ്റൻഡൻസ് എടുക്കില്ല

ഒരു ബെഞ്ചിൽ ഒരാൾ

കൊച്ചി: മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിനൊടുവിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കുമായാണ് ഇന്നു മുതൽ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.
15 നകം പത്താം ക്ലാസിന്റയും 30 നും 12ാം ക്ലാസിന്റയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കുന്ന വിധമാണ് അദ്ധ്യയനം ക്രമീകരിച്ചിരിക്കുക. പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും നടത്തും.

വിദ്യാർത്ഥികൾക്ക് സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള സാഹചര്യമാണ് സ്‌കൂളിൽ നൽകുക.
സ്വന്തമായി വാഹനമില്ലാത്ത സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. റെഗുലർ ക്ലാസുകൾ ആരംഭിക്കാത്തതിനാൽ അറ്റൻഡൻസ് എടുക്കില്ലെങ്കിലും കുട്ടികളുടെ പ്രവർത്തന മികവ് അദ്ധ്യാപകർ രേഖപ്പെടുത്തും.

സ്‌കൂളുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സ്‌കൂളുകൾ സന്ദർശിക്കും. സ്‌കൂളുകളുടെ പ്രവർത്തനം ഒരാഴ്ച നിരീക്ഷിച്ച ശേഷം പ്രധാന അദ്ധ്യാപകൻ റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കും.
വിദ്യാലയങ്ങളെല്ലാം ശുചീകരിച്ചാണ് വിദ്യാർത്ഥികളെ സ്വീകരിക്കുന്നത്. സ്‌കൂളും പരിസരവും, ടോയ്‌ലറ്റ്, ക്ലാസ് മുറികൾ, വാട്ടർ ടാപ്പ്, കിണർ എന്നിവ അണു നശീകരണം നടത്തി. ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.


നിർദ്ദേശങ്ങൾ
അമ്പത് ശതമാനം വിദ്യാർത്ഥികൾക്കു മാത്രമാണ് പ്രവേശനം
ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക.
പത്ത്, പ്ലസ് ടു തലത്തിൽ 300 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ 50 ശതമാനം കുട്ടികൾ
300 കൂടുതൽ വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ 25 ശതമാനം
3 മണിക്കൂർ നീളുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്ലാസുകൾ
കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണം
കൊവിഡ് രോഗബാധിതർ ,രോഗലക്ഷണങ്ങൾ ഉള്ളവർ, ക്വാറന്റീനിൽ ഉള്ളവർ എന്നിവർ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കു ശേഷം മാത്രമേ ഹാജരാകാവൂ.
അദ്ധ്യാപകർക്കും നിബന്ധനകൾ ബാധകം
സ്‌കൂളുകളിൽ മാസ്‌ക്, ഡിജിറ്റൽ തെർമോ മീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവും ഒരുക്കും
മുഴുവൻ സ്‌കൂളുകളിലും കൊവിഡ് സെല്ലുകൾ