പറവൂർ: മഹാമാരിയുടെ കാലത്ത് ചെറിയ വരുമാനം പ്രതീക്ഷിച്ച് ആരംഭിച്ച കേക്ക് നിർമ്മാണം ലാഭത്തിലായ വിദ്യാർത്ഥിനി വ്യത്യസ്തമായ കേക്കുമായെത്തി തട്ടാംപടി നിർമ്മല ഭവനിലെ അമ്മമാരോടൊപ്പം പുതുവത്സരാഘോഷിച്ചു. ആലവ യു.സി കോളേജ് ആദ്യവർഷ ഡിഗ്രി വിദ്യാർത്ഥിനി മനക്കപ്പടി കിഴക്കേകാട്ടിൽ അലി - ഫസീല ദമ്പതികളുടെ മകൾ ഫാത്തിമ റസ്‌ലയാണ് അമ്മമാരെ കാണാനെത്തിയത്. ഫാത്തിമയുടെ കേക്ക് നിർമ്മാണം സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി ഓർഡർ ലഭിച്ചു. ഇതിലൂടെ കിട്ടിയ ലാഭമാണ് തട്ടാംപടി നിർമ്മല ഭവനിലെ അമ്പതിലധികം വൃദ്ധരായ അമ്മമാർക്ക് പുതുവർഷ തലേന്നാൾ ഭക്ഷണത്തിനുവേണ്ടി ചെലവഴിച്ചത്.