ആലുവ: കാരോത്തുകുഴി - എറണാകുളം റോഡിൽ കുടിവെള്ള പൈപ്പുപൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായി. പൊതുകാനയിലേക്ക് വെള്ളം ഒഴുകിയതിനാൽ പൊതുജനങ്ങൾക്ക് ശല്യമായില്ല.
ഇന്നലെ ഉച്ചയോടെയാണ് പൊട്ടിയത്. സന്ധ്യയോടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തി പൂർവസ്ഥിതിയിലാക്കി. കുടിവെള്ള പൈപ്പ് റോഡരികിൽ നിന്ന് ഉയർന്നു കിടക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊട്ടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇത് അടിയന്തരമായി മാറ്റാൻ നിർദേശം നൽകിയിരുന്നതാണെന്ന് വാട്ടർ അതോറിറ്റി അധികൃതരും അറിയിച്ചു. കരാറുകാരന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ ഊർജിതമായി നടത്തിയത്. മണിക്കൂറുകളോളം കുടിവെള്ളം റോഡരികിലൂടെ ഒഴുകിപ്പോകുകയും ചെയ്തു. മുടങ്ങിയ കുടിവെള്ള വിതരണം രാത്രിയോടെ പുന:സ്ഥാപിച്ചു.