1
ഹരിത ചട്ടം പുരസ്കാരം നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ,വൈസ്.ചെയർമാൻ ഇബ്രാഹിം കുട്ടി എന്നിവർ ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭയ്ക്ക് ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തിയതിനു കേന്ദ്ര പുരസ്കാരം. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ തുടങ്ങിയവയുടെ നിർദേശങ്ങൾക്ക് അനുസരിച്ഛ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിച്ച്‌ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കേന്ദ്രം സജ്ജമാക്കിയതിന്റ ഫലമായാണ് പുരസ്കാരം ലഭിച്ചത്. ഹരിതചട്ടം പുരസ്കാരം നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ്ചെയർമാൻ ഇബ്രാഹിം കുട്ടി എന്നിവർ ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും സത്യപ്രതിജ്ഞാവേദിയിൽ താരമായി ഹരിതകർമ്മ സേനാംഗങ്ങൾ. മാതൃക ഹരിത തിരഞ്ഞെടുപ്പുകേന്ദ്രത്തിനും ഹരിതവോട്ടെണ്ണൽ കേന്ദ്രത്തിനും പിന്നാലെ സത്യപ്രതിജ്ഞാചടങ്ങുകളും ഹരിതാഭമാക്കി ഗ്രീൻ പ്രോട്ടോകോൾ ഇവന്റ് മാനേജ്മെന്റ് ടീമായി മാറിയിരിക്കുകയാണ് തൃക്കാക്കര നഗരസഭയുടെ ഹരിതകർമ്മസേന യൂണിറ്റ്.

തൃക്കാക്കര നഗരസഭയുടെയും പ്രൊഫഷണൽ പാർട്ണറായ പെലിക്കൻ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേന യൂണിറ്റിനെ എറണാകുളം ജില്ലാപഞ്ചായത്ത് അധികാരികൾ സത്യപ്രതിജ്ഞ ചടങ്ങ് ഹരിതാഭമാക്കുന്നതിന്‌ വേണ്ടി സമീപിക്കുകയായിരുന്നു. തുടർന്ന് പൂർണമായും ജൈവവസ്തുക്കളെ ഉപയോഗപ്പെടുത്തി കമാനങ്ങളും സ്റ്റേജ്, മാതൃകാബോർഡുകൾ, കൊവിഡ് മാനദണ്ഡങ്ങളെപ്പറ്റിയുളള വിവരങ്ങൾ, കുടിവെള്ളം ഉപയോഗിക്കുന്നതിനു സ്റ്റീൽ ജഗ്ഗുകളും ഗ്ലാസുകളും, മാലിന്യം നിക്ഷേപിക്കുന്നതിന് മുള ഉപയോഗിച്ചുള്ള കുട്ടകൾ, പുഷ്പാലങ്കാരം എന്നിവ സജ്ജമാക്കി. കൂടാതെ തൃക്കാക്കര നഗരസഭയുടെ സത്യപ്രതിജ്ഞാചടങ്ങും ഹരിതകർമ്മസേന യൂണിറ്റ് ഹരിതാഭമാക്കി.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വെളിയിട വിസർജന വിമുക്ത നഗരസഭയ്ക്കുള്ള കേന്ദ്ര സർക്കാരിന്റെ അംഗീകാരം തുടങ്ങിയവ ജില്ലാ വികസന കമ്മിഷണർ അഫ്‌സാന പർവീൺ തൃക്കാക്കര നഗരസഭയ്ക്ക് സമ്മാനിച്ചു. ഹരിതകർമ്മസേന പ്രവർത്തനങ്ങളുടെ അടുത്തഘട്ടമായി തരിശുപ്രദേശത്ത്‌ ജൈവകൃഷി /മാതൃകാകൃഷിത്തോട്ടം തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ്.