election

മലപ്പുറം: ചെറിയ വോട്ടുകൾ പോലും വിധി നിർണ്ണയിക്കുന്ന വാർഡുകളിൽ പ്രവാസി വോട്ടുകൾ ഇത്തവണ നിർണ്ണായകമാവും. നോർക്ക റൂട്ട്സിന്റെ കണക്ക് പ്രകാരം ലോക്ഡൗൺ കാലയളവിൽ ജില്ലയിൽ 97,687 പേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയതായാണ് കണക്ക്. ഇതിൽ 90 ശതമാനവും ഗ‍ൾഫ് പ്രവാസികളാണ്. നാട്ടിലെത്തിയവരിൽ ചെറിയ ശതമാനമേ മടങ്ങിയിട്ടുള്ളൂ. പല ഗൾഫ് രാജ്യങ്ങളിലും തിരിച്ചുചെല്ലാനുള്ള നിബന്ധനകൾ കർശനമാക്കിയതും യാത്രാ സംവിധാനങ്ങളുടെ കുറവുമാണ് പ്രവാസികളുടെ തിരിച്ചുപോക്കിന് തടസമായത്.

കൊവിഡ് സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പലതവണ അവസരം നൽകിയിരുന്നു. അപേക്ഷ സ്വീകരിക്കൽ മുതൽ ഹിയറിംഗ് വരെ ഓൺലൈൻ വഴിയായതോടെ പ്രവാസികളിൽ കൂടുതൽ പേർ വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുണ്ട്. പാർട്ടികളുടെ നേതൃത്വത്തിലും പ്രവാസി വോട്ടർമാരെ ചേർക്കാൻ പ്രത്യേക പരിശ്രമം നടന്നിരുന്നു. ഗൾഫിലേക്ക് ഉടനെ തിരിച്ചെത്താൻ കഴിയാത്തവരോട് വോട്ടർ പട്ടികയിൽ ഇടംപിടിക്കാൻ പ്രവാസി സംഘടനകളും നിർദ്ദേശിച്ചിരുന്നു. ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ നാട്ടിലെത്തിയ പ്രവാസികളുടെ ലിസ്റ്റടക്കം പ്രവാസി സംഘടനകൾ അതത് പാർട്ടികൾക്ക് കൈമാറിയിരുന്നു. ഇത്തവണ വോട്ടർ പട്ടികയിൽ ഇടംപിടിച്ച പ്രവാസികളിൽ പലരും ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്. ഒന്നോ രണ്ടോ മാസത്തെ ലീവിനെത്തുന്നവർക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കാറില്ല. നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകർ ആയിരുന്നവരും പ്രവാസി സംഘടനകളുടെ നേതാക്കളും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാട്ടിലെത്താറുണ്ടെങ്കിലും സാധാരണക്കാരായ പ്രവാസികൾക്ക് ഇതിന് സാധിക്കാറില്ല.

ഇത്തവണ നടക്കില്ല

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെ വോട്ടിനെത്തിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രാ സംവിധാനങ്ങൾ കുറവായതും തിരിച്ചുപോക്ക് തടസപ്പെടുമോ എന്ന ആശങ്കയും മൂലം ഇത്തവണ ചാർട്ടേർഡ് വിമാനങ്ങൾ സജ്ജമാക്കിയിട്ടില്ല.

അവർ നിർണായകമാവും

പ്രവാസികളെ കൂടാതെ കൊവിഡിന് പിന്നാലെ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഏറെയാണ്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരും നാട്ടിലുണ്ട്. ശക്തമായ മത്സരങ്ങളുള്ള ഇടങ്ങളിൽ ഈ വോട്ടുകൾ പെട്ടിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാ‌ർത്ഥികളും.