
 കൊലപാതകത്തിന് കാരണം സംശയമെന്ന് പൊലീസ്
കാട്ടാക്കട: കലഹത്തിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ എരുമക്കുഴി താന്നിമൂട് അജിത് ഭവനിൽ ഗോപാലനെ (ജോർജ് - 60) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഭാര്യ പദ്മാക്ഷിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഇയാൾ കാട്ടാക്കട പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നെയ്യാർഡാം പൊലീസ് അറിയിച്ചു.
പദ്മാക്ഷിയുടെ കഴുത്തിൽ ഏഴ് വെട്ടുകളുണ്ട്. പ്രതി കാട്ടാക്കട സ്റ്റേഷനിലാണ് എത്തിയതെങ്കിലും സംഭവം നടന്നത് നെയ്യാർ ഡാം സ്റ്റേഷന്റെ പരിധിയിലായതിനാൽ സി.ഐ രഞ്ചിത് കുമാർ, എസ്.ഐ സാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്നലെ രാവിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പദ്മാക്ഷിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.