ramesh

രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്

അക്ഷരാർത്ഥത്തിൽ അധോലോക ഭരണമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ഓരോ ദിവസവും പുറത്തുവിടുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെ വലംകൈ ആയിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി തന്നെ സ്വർക്കടത്തു കേസിൽ ജയിലിലായിരിക്കുന്നു. മറ്റൊരു വിശ്വസ്തനായ അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ അന്വേഷണ ഏജൻസികൾ കുരുക്കിട്ട് നിർത്തിയിരിക്കുന്നു.

ഭരണത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ സെക്രട്ടറിയായിരുന്നയാളുടെ വീടിന് മയക്കുമരുന്ന് വിപണനബന്ധം. കേരളത്തിന് ഇങ്ങനെയൊരു ദുർഗതി വരുമെന്ന് സ്വപ്നത്തിൽപ്പോലും നമ്മൾ കരുതിയതല്ല.

സർക്കാരും മുഖ്യമന്ത്രിയും ഒരുപോലെ ജനവിരുദ്ധമായി മാറിയെന്ന് ഭരണമുന്നണി തന്നെ തിരിച്ചറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനം വോട്ടു ചെയ്യില്ലെന്നു ഭയന്നാണ് അദ്ദേഹത്തെ പ്രചാരണരംഗത്ത് നേരിട്ടിറക്കാതെ മാറ്റിനിർത്തിയത്. അഴിമതി, തട്ടിപ്പ്, ധൂർത്ത്, ധാർഷ്ട്യം, കെടുകാര്യസ്ഥത, അസത്യപ്രചാരണം എന്നിവയായിരിക്കുന്നു, ഇടതു സർക്കാരിന്റെ മുഖമുദ്ര.

കമ്മിഷനുള്ള

കുറുക്കുവഴി

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും പോലും അഴിമതിക്കുള്ള അവസരങ്ങളാക്കുകയാണ് സർക്കാർ ചെയ്തത്. സ്‌പ്രിൻക്ളർ പോലുള്ള ബഹുരാഷ്ട്ര ഭീമന്മാർക്ക് നമ്മുടെ ആരോഗ്യവിവരങ്ങൾ മറിച്ചുകൊടുത്ത് കോടികൾ തട്ടാൻ അവസരമൊരുക്കിയ സർക്കാരാണിത്. പാവങ്ങൾക്കുള്ള ഭവനപദ്ധതിയായ ലൈഫ് പോലും കമ്മീഷനടിക്കാനുള്ള കുറുക്കുവഴിയായിരുന്നെന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ പതിനെട്ടടവും പയറ്റിയ സർക്കാരിന്റെ ഏജൻസിയായ വിജിലൻസ് തന്നെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്നതാണ് തമാശ.

നാലര വർഷത്തിനുള്ളിൽ ഒരു വൻകിട വികസന പദ്ധതിപോലും ആരംഭിച്ച് പൂർത്തിയാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. പമ്പാ മണൽക്കടത്ത്, പൊലീസ് തലപ്പത്തെ തട്ടിപ്പുകൾ, ട്രാൻസ്ഗ്രിഡ്, ഇ മൊബിലിറ്റി, കെ ഫോൺ, കെ റെയിൽ, കിഫ്ബി, മസാല ബോണ്ട്, ബെവ്ക്യു ആപ്പ് തുടങ്ങിയ അഴിമതികൾ നമ്മളെ അമ്പരിപ്പിച്ചു. ഇവയിൽ പിടിവീഴുമെന്നു കണ്ടപ്പോൾ കേന്ദ്ര ഏജൻസികൾ വികസനം അട്ടിമറിക്കുന്നുവെന്ന് നിലവിളിക്കുകയാണ് സർക്കാരും ഭരണകക്ഷിയും.

പിടിക്കപ്പെടുന്നതിന്

ഒരു മുഴം മുമ്പേ

മസാല ബോണ്ടിലെ വൻ കൊള്ള പിടികൂടുമെന്നു വന്നപ്പോൾ സി.എ.ജി എന്ന ഭരണഘടനാ സ്ഥാപനത്തിനു നേരെ പോലും മുഖ്യമന്ത്രിയും ധനമന്ത്രിയും തിരിഞ്ഞു. പ്രതിക്കൂട്ടിലാകുമെന്നു കണ്ടതോടെ ഒരു മുഴം മുൻകൂട്ടിയെറിഞ്ഞ് സി.എ.ജി റിപ്പോർട്ട് ചോർത്തുകയെന്ന ഭരണഘടനാ ലംഘനം നടത്തുക പോലും ചെയ്തു, ധനമന്ത്രി.

കൊവിഡ് വ്യാപനം ചെറുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പി.എസ്.സിയെ നോക്കുകുത്തിയാക്കി ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങൾ നടന്നു. കൺസൾട്ടൻസികളുടെ മറവിൽ അനധികൃത നിയമനങ്ങൾ പൊടിപൊടിച്ചു. 1.17 ലക്ഷം പേരെ താത്ക്കാലിക- കരാർ അടിസ്ഥാനത്തിൽ നിയമിച്ചതായാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.

2018- ലെ മഹാപ്രളയത്തിൽ സർവവും നഷ്ടപ്പട്ടവർക്ക് ആദ്യ സഹായമായ പതിനായിരം രൂപ പോലും ശരിയായി വിതരണം ചെയ്യാൻ സർക്കാരിനു കഴിഞ്ഞില്ല. 2017- ലെ ഓഖി ദുരന്തബാധിതർക്കുള്ള സഹായവും വീട് വച്ചു നൽകാമെന്ന വാഗ്ദാനവും ജലരേഖയായി. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാൻ ഖജനാവിലെ പണം കൊള്ളയടിച്ച് സുപ്രീംകോടതി വരെ പോയെങ്കിലും സർക്കാരിന് തിരിച്ചടിയേറ്റു.

തകിടം മറിഞ്ഞ

ധനസ്ഥിതി

പദ്ധതിവിഹിതം വെട്ടിക്കുറച്ച് തദ്ദേശസ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുകയാണ് സർക്കാർ. 2019- 20 സാമ്പത്തിക വർഷം വകയിരുത്തിയ 7500 കോടിയിൽ ഇവയ്ക്കു നൽകിയത് 3887 കോടി മാത്രമാണ്. നടപ്പു വർഷം 7158 കോടി രൂപ വകയിരുത്തിയെങ്കിലും നൽകിയത് 2635 കോടി മാത്രം! സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥയും മൂലം ട്രഷറി ഏതാണ്ട് അടച്ചിടുന്ന നിലയുണ്ടായി. 2016 ൽ യു.ഡി.എഫ് അധികാരമൊഴിയുമ്പോൾ 1,57,370 കോടിയായിരുന്നു കേരളത്തിന്റെ പൊതുകടമെങ്കിൽ അത് 3,20,468 കോടിയായി കുതിച്ചുയർന്നിരിക്കുന്നു.

അഴിമതി കേസുകളിൽ മുഖം നഷ്ടമായ സർക്കാർ പ്രതിപക്ഷ കക്ഷിനേതാക്കൾക്കെതിരെ കള്ളക്കേസുകൾ കുത്തിപ്പൊക്കി പ്രതികാരം തീർക്കുകയാണ്. ഇതുകൊണ്ട് പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തിരഞ്ഞെടുപ്പു ഫലം ഇടതു സർക്കാരിന്റെ അവസാനത്തിനായിരിക്കും തുടക്കമിടുകയെന്ന് എനിക്കുറപ്പുണ്ട്.