
വർക്കല: ചെമ്മരുതി മുട്ടപ്പലം ചാവടിമുക്കിൽ ബി.ജെ.പി പ്രവർത്തകനെ അക്രമിസംഘം വെട്ടിപ്പരിക്കേല്പിച്ചു. വിളയിൽവീട്ടിൽ അനിൽകുമാറിന് (47) നേരെയാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അയൽവാസിയും സുഹൃത്തുമായ ബൈജുവിനും പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ഓടെ ചാവടിമുക്കിലാണ് സംഭവം. അനിൽകുമാർ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ മാരകായുധങ്ങളുമായി എത്തിയവർ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് ഉടൻ അറസ്റ്റുചെയ്യണമെന്നും രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ചാവടിമുക്കിൽ ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി.