
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സുരക്ഷാജോലിക്ക് നിയോഗിച്ചതിനെ ചോദ്യംചെയ്ത്, അസിസ്റ്റന്റ് കമൻഡാന്റിനെ ഹവിൽദാർ കത്തിയെടുത്ത് കുത്താൻ ശ്രമിച്ചു. സംഭവത്തിൽ പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഹവിൽദാർ അമൽബാബുവിനെ സസ്പെൻഡ് ചെയ്തു. അസി. കമാൻഡാന്റ് ഷമീർഖാനെ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പേരൂർക്കടയിലെ ക്വാർട്ടേഴ്സിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. കൊട്ടാരക്കരയിലാണ് അമലിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി നൽകിയിരുന്നത്. സംസ്ഥാന ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ വില്ലയ്ക്കു സമീപമാണ് ഷമീർഖാന്റെ ക്വാർട്ടേഴ്സ്. അവിടെയെത്തിയ അമൽ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടന്ന് പറഞ്ഞയുടൻ, കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഷമീർഖാനെ കുത്താനോങ്ങി. ഷമീർഖാന്റെ ഭാര്യയും മക്കളും ബഹളമുണ്ടാക്കിയതോടെ അയൽവാസികൾ ഓടിക്കൂടി. ആളുകൂടിയപ്പോൾ രണ്ടാംനിലയിൽ നിന്ന് അമൽ താഴേക്ക് ചാടാനും ശ്രമിച്ചു. സ്ഥലത്തെത്തിയ പേരൂർക്കട പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി.
ഇതിനിടെ, അവിടെയെത്തിയ പൊലീസ് അസോസിയേഷന്റെ മുൻ സംസ്ഥാനനേതാവ് അസി.കമൻഡാന്റിനോട് കൈചൂണ്ടി മോശമായി സംസാരിക്കുകയും കുടുംബാംഗങ്ങളുടെ മുന്നിൽവച്ച് അപമാനിക്കുകയും ചെയ്തു. മറ്റൊരു ബറ്റാലിയനിൽ ജോലിചെയ്യുന്നയാളാണ് നേതാവ്. പിന്നാലെ പൊലീസ് അസോസിയേഷൻ നേതാക്കളെത്തി പരാതി നൽകരുതെന്ന് അസി.കമൻഡാന്റിനോട് ആവശ്യപ്പെട്ടു. പൂജപ്പുര സ്വദേശിയായ അമൽ എസ്.എ.പി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. രണ്ട് മൂന്ന് ദിവസമായി ഇയാൾ മാനസികമായി അസ്വസ്ഥനായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബറ്റാലിയൻ എഡി.ജി.പി കെ. പദ്മകുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. എസ്.എ.പി കമാൻഡാന്റിനാണ് അന്വേഷണ ചുമതല. മോശമായി പെരുമാറിയ അസോസിയേഷൻ നേതാവിനെതിരെ നടപടിയെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയുള്ളതിനാൽ പൊലീസുകാർക്ക് അവധി നൽകുന്നില്ല.