
കൊല്ലം: മൺറോത്തുരുത്തിൽ ഹോം സ്റ്റേ ഉടമയെ കുത്തിക്കൊന്ന കേസിൽ പ്രതിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മയൂഖം ഹോംസ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസിൽ മണിലാലിനെ (ലാൽ-53) കൊലപ്പെടുത്തിയ മൺറോത്തുരുത്ത് നെന്മേനി തെക്കുംമുറിയിൽ തുഷാരയിൽ അശോകൻ (54), ഇയാളുടെ സഹായിയും ഓട്ടോ ഡ്രൈവറുമായ മൺറോത്തുരുത്ത് വെള്ളിമംഗലം പടിഞ്ഞാറ് പനക്കത്തറ വീട്ടിൽ സത്യദേവൻ (56) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30 ഓടെ മൺറോത്തുരുത്ത് കനറാ ബാങ്കിന് സമീപത്തെ എൽ.ഡി.എഫ് ബൂത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: സി.പി.എം പ്രവർത്തകനായ മണിലാലും അശോകനും നാട്ടുകാരും പരിചയക്കാരുമാണ്. തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിച്ചശേഷം കനറാബാങ്ക് കവലയിൽ നാട്ടുകാർ രാഷ്ട്രീയചർച്ച നടത്തിയിരുന്നു. ഇതിനിടെ മദ്യലഹരിയിലെത്തിയ അശോകൻ അസഭ്യവർഷം നടത്തി. ഇതുകേട്ടുവന്ന മണിലാൽ അശോകനോട് കയർത്തു. അസഭ്യം തുടർന്നപ്പോൾ മണിലാൽ അശോകനെ അടിച്ചു.
തുടർന്ന് അവിടെനിന്ന് നടന്നുപോയ മണിലാലിനെ പിന്നാലെയെത്തിയ അശോകൻ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ച് ചലനമറ്റുകിടന്ന മണിലാലിനെ നാട്ടുകാർ അതുവഴിവന്ന കാറിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവശേഷം സത്യദേവന്റെ ഓട്ടോയിൽ രക്ഷപ്പെട്ട അശോകനെ ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ രാത്രി വൈകി പിടികൂടുകയായിരുന്നു. അശോകനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഓട്ടോ ഡ്രൈവറായ സത്യദേവനെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമുള്ളതായി ആരോപണമുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുമാണ് കിഴക്കേകല്ലട പൊലീസിന്റെ നിലപാട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മണിലാലിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൺറോത്തുരുത്ത് കനറാബാങ്കിന് സമീപത്തെ സി.പി.എം ബൂത്ത് ഓഫീസിലും വീട്ടിലും പൊതുദർശനത്തിനുവച്ചശേഷം രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. രേണുകയാണ് മണിലാലിന്റെ ഭാര്യ. മകൾ: അരുണിമ (നിധി).
പൊലീസ് കാവൽ ശക്തം
മണിലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുണ്ടറ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിൽ ഹർത്താൽ ആചരിച്ചു. മൺറോത്തുരുത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് പിക്കറ്റും പട്രോളിംഗും ശക്തമാക്കി.