
അങ്കമാലി: ഭാര്യയേയും ഭർത്താവിനേയും വീട്ടിലെത്തി കുത്തിപ്പരിക്കേൽപ്പിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. അങ്കമാലി മുന്നൂർപ്പിള്ളി മാരേക്കാടൻ വീട്ടിൽ (പറപ്പിള്ളി) പരേതനായ ശിവദാസന്റെ മകൻ നിഷിലാണ് (31) മരിച്ചത്. പാലശേരി പാദുവാപുരം വാഴക്കാലവീട്ടിൽ ഡൈമിസ് ഡേവിസ് (34), ഭാര്യ ഫിഫി (28) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: നിഷിൽ മാസങ്ങൾക്ക് മുമ്പ് ഡൈമിസിന്റെ വീട്ടിൽ ടൈൽ വിരിക്കുന്ന ജോലിക്ക് വന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് നിഷിൽ ഡൈമിസിന്റെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മിൽ അന്ന് വാക്കേറ്റവും കൈയേറ്റവും നടന്നു. ഇതുമായി ബന്ധപ്പെട്ട് ഡൈമിസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രകോപനമാകാം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കത്തിയും പെട്രോളും ലൈറ്ററുമായാണ് നിഷിൽ ഇരുചക്രവാഹനത്തിൽ ഇന്നലെ ഡൈമിസിന്റെ വീട്ടിലെത്തിയത്.
ആ സമയത്ത് ദമ്പതിമാർ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയിരിക്കുകയായിരുന്നു. ഇരുവരും എത്തുന്നതുവരെ നിഷിൽ വീടിന്റെ പിന്നിൽ കാത്തിരുന്നു. പട്ടിക്ക് ചോറ് നൽകാൻ വീടിന്റെ പിൻഭാഗത്തേയ്ക്ക് ചെന്ന ഫിഫിയെയാണ് ആദ്യം കുത്തിയത്. ശബ്ദം കേട്ട് തടയാൻ ചെന്ന ഡൈമിസിനെയും നിഷിൽ ആക്രമിച്ചു. ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റത്. ഇരുവരെയും കുത്തിയശേഷം നിഷിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആശുപത്രിയിലെത്തിച്ചു. അങ്കമാലിയിലെ ആശുപത്രിയിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു നിഷിൽ മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശാരദയാണ് നിഷിലിന്റെ അമ്മ. സഹോദരി: നിമ. കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള ദമ്പതിമാർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.