
പാലക്കാട്: എക്സൈസ് ഉദ്യോഗസ്ഥർ വാളയാറിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച 35.75 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഒായിലുമായി മലപ്പുറം പുത്തനത്താണി സ്വദേശി സുഹൈലിനെ (26) അറസ്റ്റ് ചെയ്തു. 
കോയമ്പത്തൂർ ഭാഗത്ത് നിന്നുള്ള മാരുതി ആൾട്ടോ കാർ അധികൃതർ നിറുത്താൻ ആവശ്യപ്പെട്ടിട്ടും നിറുത്താതെ പോയി. 
തുടർന്ന് കുഴൽമന്ദം എക്സൈസ് റേഞ്ചിന്റെ സഹായത്തോടെ കുഴൽമന്ദം ജംഗ്ഷനിൽ വെച്ച് കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിശാഖപട്ടണത്തിൽ നിന്ന് മലപ്പുറം കോട്ടയ്ക്കൽ, പുത്തനത്താണി ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് കഞ്ചാവും ഹാഷിഷും കടത്തിയതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
സീറ്റിനടിയിൽ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് കഞ്ചാവും മറ്റും കടത്തിയത്. 
പിടികൂടിയ കഞ്ചാവിനും ഹാഷിഷ് ഓയിലിനും വിപണിയിൽ 35 ലക്ഷം വില വരും. ഇയാളുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ എക്സൈസ് ഓഫീസുകളിൽ നിരവധി കേസുകളുണ്ടെന്ന് അധികൃതർ അറിയിച്ചു.
എ.ഇ.സി സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, പി.ഒ എ. ജയപ്രകാശ്, ഗ്രേഡ് പി.ഒ എസ്. മൻസൂർ അലി, സി.ഇ.ഒമാരായ ബി. ഷൈബു, കെ. അഭിലാഷ്, കെ. ജ്ഞാനകുമാർ, ടി.എസ്. അനിൽകുമാർ, എം. അഷ്റഫലി, ഡ്രൈവർ ലൂക്കോസ്, കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ ജി. സന്തോഷ്കുമാർ, പി.ഒ.മാരായ എം.ബി. രാജേഷ്, പി. ഷാജി, ഗ്രേഡ് പി.ഒ കെ. അബ്ദുൾ കലാം, സി.ഇ.ഒമാരായ വി. ഷാംജി, ആർ. പ്രദീപ്, കെ. ആനന്ദ്, എ. ഹംസ, പി.വി. രതീഷ്, എൻ. രേണുകദേവി, എം.എം. സ്മിത, ഡ്രൈവർ എസ്. പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.