
തൃശൂർ: കയ്പമംഗലത്ത് പ്രവർത്തിക്കുന്ന ബ്രിട്ടോണ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ തൃശൂർ അസിസ്റ്റന്റ് കൺട്രോളർ ഓഫീസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി. ലൈസൻസില്ലാതെ സാനിറ്റൈസർ നിർമിച്ച് വിതരണം നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് ഇൻസ്പെക്ടർ നിഷ വിൻസെന്റ് സ്ഥാപനത്തിനെതിരെ കേസെടുത്തു.
അന്യസംസ്ഥാനത്ത് നിന്നും കൊണ്ടുവരുന്ന സാനിറ്റൈസറുകളുടെ ലേബലുകളിലും പാക്കിംഗിലും മാറ്റം വരുത്തി വിൽപ്പന നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. മാനുഫാക്ചറിംഗ് ലൈസൻസ് ഇല്ലാതെ സാനിറ്റൈസർ നിർമിക്കുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം അഞ്ചുവർഷത്തോളം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പിടിച്ചെടുത്ത വസ്തുക്കളും രേഖകളും കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പരിശോധനയിൽ സീനിയർ ഡ്രഗ്സ് ഇൻസ്പെക്ടർ ബെന്നി മാത്യു, ഡ്രഗ്സ് ഇൻസ്പെക്ടർ ഇന്റലിജൻസ് വിഭാഗം എം.പി വിനയൻ എന്നിവർ പങ്കെടുത്തു.