viswam

തിരുവനന്തപുരം: പൊതുപ്രവർത്തകരുടെ വ്യക്തിജീവിതം എങ്ങനെയുമായിക്കോട്ടെ എന്ന കാഴ്ചപ്പാടിന് പൊതുസ്വീകാര്യത കൂടിവരുന്നത് ആപത്താണെന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായ മാത്യു ടി. തോമസ് പറഞ്ഞു. മുൻ എം.പിയും സോഷ്യലിസ്റ്റ് നേതാവുമായ പി. വിശ്വംഭരന്റെ നാലാം അനുസ്‌മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശവും പ്രത്യയശാസ്ത്രവും പൊതുജീവിതത്തിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും പ്രധാനമാണെന്ന് വിശ്വസിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്‌ത നേതാവായിരുന്നു പി.വിശ്വംഭരൻ. അത്തരം മാതൃകകളുടെ അഭാവമാണ് ഇന്ന് പൊതുസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നെന്ന് അദ്ദേഹം പറഞ്ഞു. സ്‌മൃതി സംഗമത്തിൽ കേരള ഗാന്ധി സ്‌മാരകനിധി മുൻ സെക്രട്ടറി അജിത് വെണ്ണിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനതാഫോറം പ്രസിഡന്റ് തകിടി കൃഷ്‌ണൻനായർ വിശ്വംഭരൻ സ്‌മാരക പ്രഭാഷണം നടത്തി. സെക്രട്ടറി എ. സലിം, വിശ്വംഭരൻ ഫൗണ്ടേഷൻ സെക്രട്ടറി വി. ശശിധരൻനായർ എന്നിവർ സംസാരിച്ചു.