
ചലച്ചിത്രോത്സവങ്ങളെ അക്ഷരാർത്ഥത്തിൽ ഉത്സവമാക്കി മാറ്റിയ ചലച്ചിത്രകാരനാണ് കിം കി ഡുക്ക്.
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ കിം കി ഡുക്കിന്റെ സിനിമകൾ കാണാൻ ഇരച്ചുകയറിയ പോലെ പ്രേക്ഷകരൊന്നടങ്കം ആവേശപൂർവ്വം മറ്റൊരു സംവിധായകന്റെയും സിനിമകൾ കാണാൻ ഇരമ്പിക്കയറിയിട്ടില്ലെന്ന് പറഞ്ഞാൽ എതിരഭിപ്രായമുണ്ടാകാൻ വഴിയില്ല. തിയേറ്ററിൽ ഇരിപ്പിടം സ്വന്തമാക്കാനായി ഇരിപ്പിടം കിട്ടിയില്ലെങ്കിൽ തിരക്കിനിടയിൽ നിന്നെങ്കിലും ഒന്ന് കാണാൻ കിം സിനിമകൾ പ്രദർശിപ്പിച്ച തിയേറ്ററുകൾക്ക് മുന്നിൽ എത്ര മണിക്കൂറുകളാണ് ചലച്ചിത്രോത്സവ പ്രേമികൾ അക്ഷമരായി കാത്തുനിന്നത്.
അരാജകത്വത്തിന്റെ രാജകുമാരനെന്ന് കിമ്മിനെ വിശേഷിപ്പിക്കുന്നവരുണ്ട്. കിം ചിത്രങ്ങളിലെ വയലൻസിന്റെയും ലൈംഗികതയുടെയും അതിപ്രസരം ചിലർക്കെങ്കിലും അസഹനീയമായിരുന്നു. പക്ഷേ കിമ്മിനെ നെഞ്ചോട് ചേർത്തവരായിരുന്നു ഭൂരിപക്ഷം.
തിരുവനന്തപുരത്ത് പതിനെട്ടാം രാജ്യാന്തര ചലച്ചിത്ര മേളയിൽ വിശിഷ്ടാതിഥിയായെത്തിയ കിമ്മിനെ അദ്ദേഹത്തിന്റെ സിനിമകൾ കാണാനെന്ന പോലെ ഇരമ്പിയാർത്ത ആൾക്കൂട്ടം സാക്ഷാൽ കിമ്മിനെ പോലും അതിശയിപ്പിച്ചു.
ഇംഗ്ളീഷ് പോലും ദ്വിഭാഷിയുടെ സഹായത്തോടെ കൈകാര്യം ചെയ്യുന്ന കിം കി ഡുക്ക് ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം മലയാളിയുടെ സിനിമയോടും സിനിമാ പ്രവർത്തകരോടുമുള്ള സ്നേഹാരാധനകൾ കണ്ട് കണ്ണ് തള്ളിയിരുന്നിരിക്കണം. കിം കി ഡുക്കിന്റെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഒരുപാടുണ്ടാകാം. പക്ഷേ "സ്പ്രിംഗ് സമ്മർ, ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ് എന്ന സിനിമയായിരിക്കും ഭൂരിപക്ഷത്തിന്റെ ഫേവറിറ്റ്.
വിവിധ ഋതുക്കളിലൂടെ ഒരു ബുദ്ധ സന്യാസിയുടെ ബാല്യം മുതൽ വാർദ്ധക്യം വരെയുള്ള ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ആ സിനിമ ഋതുപ്പകർച്ചകളുടെ മനോഹാരിത പോലെ പ്രേക്ഷക ഹൃദയങ്ങളെ മോഹിപ്പിച്ചു.
പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച കിം കി ഡുക്കിൽ നിന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും പ്രതീക്ഷിക്കാത്ത സിനിമയായിരുന്നു മൊബിയസും വൺ ഓൺ വണ്ണുമെല്ലാം. കിം കി ഡുക്കിന്റെ കൈയൊപ്പ് പതിഞ്ഞോ എന്ന കാര്യത്തിൽ പതിവ് കിം പ്രേക്ഷകർക്ക് പോലും അഭിപ്രായ വ്യത്യാസമുള്ള ചിത്രങ്ങൾ.
ആവേശപൂർവം നെഞ്ചിലേറ്റിയ കിമ്മിനെ ആരാധകർ പതിയെ തഴയാൻ തുടങ്ങി. 2014 ചലച്ചിത്രോത്സവത്തിൽ വൺ ഓൺ വണ്ണിന്റെ അവസാന പ്രദർശനം കാണാനുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പ്രേക്ഷകർ മാത്രമായിരുന്നു.
1960 ഡിസംബർ 20 ന് ദക്ഷിണ കൊറിയയിലെ ബോംഗ് വായിലാണ് കിം കി ഡുക്കിന്റെ ജനനം.
പാരീസിലെ ഫൈൻ ആർട്സ് പഠനത്തിന് ശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ കിം കി ഡുക്കിന്റെ ചലച്ചിത്ര പ്രവേശം തിരക്കഥാകൃത്തായാണ് .1995 ൽ കൊറിയൻ ഫിലിം കൗൺസിൽ സംഘടിപ്പിച്ച തിരക്കഥാ മത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി. തൊട്ടടുത്ത വർഷം ക്രൊക്കൊഡെയ്ൽ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലെ അരങ്ങേറ്റം. 2004 ൽ പുറത്തിറങ്ങിയ സമരിറ്റൻ ഗേൾ എന്ന ചിത്രം കിമ്മിന് മികച്ച സംവിധായകനുള്ള നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കൊടുത്തു.
തന്റെ സഹ സംവിധായകർക്ക് വേണ്ടിയും കിം കി ഡുക്ക് നിരവധി തിരക്കഥകളെഴുതിയിട്ടുണ്ട്.