kim

ഡൽഹി ചലച്ചിത്രോത്സവത്തിൽ വച്ചാണ് ഞാൻ കിം കി ഡുകിന്റെ ഒരു ചിത്രം ആദ്യമായി കാണുന്നത്. "സ്പ്രിംഗ് സമ്മർ, ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ് " എനിക്കാ ചിത്രം വളരെ ഇഷ്ടപ്പെട്ടു.

അന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ ടി.കെ. രാജീവ് കുമാറായിരുന്നു. ഞാൻ രാജീവിനോട് അക്കാര്യം പറഞ്ഞു. അന്ന് ഇവിടെ ആരും കേൾക്കാത്ത പേരായിരുന്നു കിം കി ഡുകിന്റേത്. ചെറിയൊരു പാക്കേജ് കാണിക്കാമെന്ന എന്റെ അഭിപ്രായത്തോട് രാജീവ് യോജിച്ചു. അങ്ങനെയാണ് കിം കി ഡുകിന്റെ ചിത്രങ്ങൾ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ച് തുടങ്ങിയത്.

2005 ലായിരുന്നു അത്. സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗ് ഉൾപ്പെടെ 5 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രേക്ഷകർ ആവേശത്തോടെ ആ ചിത്രങ്ങൾ സ്വീകരിച്ചു.കിം കി ഡുക്കിന് ഒരു സ്റ്റാർഡം തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചു. വിശദീകരിക്കാനാവാത്തതായിരുന്നു ആ സ്റ്റാർഡം.

പിന്നീട് ഓരോ വർഷവും ഡുകിന്റെ ചിത്രങ്ങൾ കൊണ്ടുവന്നു. പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ഓരോ ഫെസ്റ്റിവൽ കഴിയുമ്പോഴും കിം കി ഡുകിനെ എന്തേ കൊണ്ടുവരാത്തതെന്നായി പ്രേക്ഷകരുടെ ചോദ്യം. ഓരോ ഫെസ്റ്റിവലിനും നമ്മൾ ക്ഷണം അയച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഡുക് ഗോവയിൽവന്നു. അവിടെ അദ്ദേഹം പ്രതീക്ഷിച്ച വരവേൽപ്പല്ല ലഭിച്ചത്.

ബുസാൻ ഫിലിം ഫെസ്റ്റിവലിൽ ഞാൻ പോയപ്പോൾ ഭാഗ്യത്തിന് ലിഫ്റ്റിൽ അദ്ദേഹത്തെ കിട്ടി. കേരളത്തെക്കുറിച്ചും ഇവിടത്തെ പ്രേക്ഷകരുടെ ആരാധനയെക്കുറിച്ചും പറഞ്ഞു. ഇന്ത്യയെന്ന് കേട്ടപ്പോൾ ഗോവ അനുഭവം നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ നിർബന്ധിച്ചു. അങ്ങനെയാണ് 2013 ൽ വന്നത്. ഇവിടെ വന്ന ഡുക് അന്തംവിട്ടു പോയി എന്നതാണ് സത്യം. ലോകത്തൊരിടത്തും തനിക്ക് ഇത്രയും വലിയ വരവേല്പ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വികാരഭരിതനായി പറഞ്ഞു. റോഡിൽ നടക്കാൻ ഇറങ്ങിയ ഡുകിനെ ഓട്ടോറിക്ഷാ തൊഴിലാളികൾ പോലും തിരിച്ചറിയുന്നു. അദ്ദേഹത്തിനത് വിശ്വസിക്കാൻ പ്രയാസമായിരുന്നു.

കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വയലൻസും സെക്‌ഷ്വൽ ഹരാസ്‌മെന്റും കൂടിയിരുന്നു. ആദ്യ ചിത്രങ്ങളോട് തോന്നിയ ഒരിഷ്ടം എനിക്ക് നഷ്ടമായിരുന്നു. പക്ഷേ ഒരു ഫെസ്റ്റിവൽ ആകുമ്പോൾ പ്രേക്ഷകരുടെ താല്പര്യം പ്രധാനമാണ്. ഇവിടെ നിന്ന് മടങ്ങിയശേഷം എപ്പോൾ പടം ചോദിച്ചാലും തരുമായിരുന്നു. എനിക്കൊരു കത്തും എഴുതി. ജീവിതത്തിൽ കേരളത്തെയും അവിടത്തെ ജനങ്ങളെയും മറക്കുകയില്ലെന്നും ഇവിടെ വന്നത് വലിയ അനുഭവമായിരുന്നുവെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.കിം കി ഡുകിന്റെ ചിത്രങ്ങൾ പതിവായി പ്രദർശിപ്പിച്ചപ്പോൾ ചില സുഹൃത്തുക്കൾ എന്നെ കളിയാക്കി പറഞ്ഞ കാര്യം ഡുകിന്റെ വീട്ടിൽ ബീനാപോൾ ഇൗ വീടിന്റെ ഐശ്വര്യം എന്ന ബോർഡ് തൂക്കിയിട്ടുണ്ടെന്നായിരുന്നു.

കിം കി ഡുകിന്റെ ഒടുവിലത്തെ ചിത്രങ്ങളെ വിമർശിക്കുമ്പോഴും മിഥോളജിയിൽ അന്തർലീനമായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെന്ന് പറയാതെ വയ്യ.

കൊവിഡ് സൊളാനസിനെയും മരഡോണയെയും ഇപ്പോൾ കിം കി ഡുകിനെയും നഷ്ടമാക്കിയിരിക്കുന്നു.

( ഐ.എഫ്.എഫ്.കെ ഫെസ്റ്റിവൽ ഡയറക്ടറായ ലേഖിക ലണ്ടനിൽ നിന്ന്

കേരളകൗമുദിയോട് പറഞ്ഞത് )