
തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന കേന്ദ്ര വിദ്യാഭ്യാസ ആനുകൂല്യത്തിൽ കേരളത്തിലെ ക്രൈസ്തവ വിഭാഗം നേരിടുന്ന വിവേചനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി തന്നെ ധരിപ്പിച്ച വിവരമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടാമെന്ന ഉറപ്പ് നൽകിയിട്ടുണ്ട്. തന്റെ പുതിയ പുസ്തകമായ 'ജസ്റ്റിസ് ഒഫ് ആൾ പ്രിജുഡീസ് ഒഫ് നണ്ണിന്റെ" തിന്റെ പ്രകാശനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വർഗീയവാദികളെക്കൊണ്ട് തള്ളാനുള്ള ഡമ്പിംഗ് ഏരിയയാണ് ഇവിടത്തെ ഗവർണർ പദവിയെന്നാണ് താൻ ഗവർണറായി മിസോറമിലെത്തിയപ്പോൾ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പ്രസ്താവിച്ചത്. മിസോറമിലെ ഗവർണർ പദവി ഡമ്പിംഗ് ഏരിയയല്ലെന്ന് ഒരു വർഷം കൊണ്ട് താൻ തെളിയിച്ചു. ഒരു വർഷം തികയുന്നതിനു മുമ്പേ പ്രസ്താവനയിറക്കിയ നേതാവ് സുഹൃത്തുമായി. ഏറ്റവും സഹൃദയനായ ഗവർണർ എന്ന് എന്നെ അദ്ദേഹം വിശേഷിപ്പിച്ചെന്നും ശ്രീധരൻപിള്ള പറഞ്ഞു.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യപ്രതി കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്തു. ശ്രീരാമകൃഷ്ണാശ്രമം മുൻ അദ്ധ്യക്ഷൻ സ്വാമി ഗോലോകാനന്ദ, ഒ. രാജഗോപാൽ എം.എൽ.എ എന്നിവർ ആശംസാപ്രസംഗം നടത്തി. ഹരി എസ്. കർത്താ സ്വാഗതവും വത്സരാജ് നന്ദിയും പറഞ്ഞു.