
കൊച്ചി: പുതുതായി എന്തെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന കാലമാണ് ഉത്സവകാലം. കുട്ടികൾ പുത്തനുടുപ്പും കളിപ്പാട്ടങ്ങളും മറ്റും ആഗ്രഹിക്കുമ്പോൾ മുതിർന്നവർക്ക് വലിയ സ്വപ്‌നങ്ങളുണ്ടാകും... വീട്, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, വാഹനം... അങ്ങനെ!
പുതുതായി കാർ വാങ്ങണമെന്ന സ്വപ്‌നം താലോലിക്കുന്നവർക്ക് ഏറെ അനുയോജ്യമായ സമയമാണ് ക്രിസ്‌മസ്-പുതുവത്സരാഘോഷക്കാലം. ഇക്കാലത്ത് സ്വന്തമാക്കാൻ പറ്റുന്ന, ബഡ്‌ജറ്റിനിണങ്ങിയ, എന്നാൽ എന്തുകൊണ്ടും സാധാരണക്കാരെ തൃപ്‌തിപ്പെടുത്തുന്ന ചില മോഡലുകൾ നോക്കാം:
മാരുതി ഓൾട്ടോ
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാറെന്ന പട്ടം ദശാബ്‌ദത്തിലേറെയായി ചൂടി നിൽക്കുന്ന മോഡലാണ് മാരുതി സുസുക്കിയുടെ ഓൾട്ടോ. സ്വന്തമായി ഒരു കാർ എന്ന ശരാശരി സാധാരണക്കാരന്റെ സ്വപ്‌നം പൂവണിയിക്കുന്ന കാർ. പുതുതായി കാർ വാങ്ങണമെന്ന ചിന്ത എത്തുമ്പോൾ സാധാരണക്കാരന്റെ മനസിൽ ആദ്യമെത്തുന്ന കാർ... എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളും ഓൾട്ടോയ്ക്കുണ്ട്.
കാറുകളിലെ കുഞ്ഞനാണെങ്കിലും അത്ര ചെറുതല്ല ഓൾട്ടോ. നാലുപേർ അടങ്ങുന്ന ഒരു കുടുംബത്തിന്റെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ കാറാണിത്. മികച്ച മൈലേജ്, താരതമ്യേന കുറഞ്ഞ മെയിന്റനൻസ് ചെലവ്, അത്യാവശ്യത്തിന് വിശാലമായ അകത്തളം, ആവശ്യത്തിന് ബൂട്ട്‌സ്‌പേസ് എന്നിങ്ങനെ മികവുകളുണ്ട്.
അനായാസം നിയന്ത്രിക്കാവുന്ന കാറാണിത്. ഒതുക്കമുള്ളതിനാൽ തിരക്കേറിയ റോഡുകളിൽ ഓടിക്കാനും എളുപ്പം. പുതിയ മോഡലുകളിൽ എയർബാഗുകളും റിയർ പാർക്കിംഗ് സെൻസറുമൊക്കെയുണ്ട് ഈ 800 സി.സി ഹാച്ച്ബാക്കിന്.
 വില : ₹2.95 ലക്ഷം മുതൽ
റെനോ ക്വിഡ്
എൻട്രി-ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിൽ എതിരാളികളെ ഞെട്ടിച്ച മോഡലാണ് റെനോ ക്വിഡ്. എസ്.യു.വി പോലെയുള്ള, കൗതുകം നിറഞ്ഞ ലുക്കും മികച്ച ഫീച്ചറുകളും പെർഫോമൻസുമാണ് ക്വിഡിന്റെ ആയുധങ്ങൾ. സാധാരണക്കാർക്ക് എത്തിപ്പിടിക്കാവുന്ന വിലയും സ്വീകാര്യത കൂട്ടി.
പുതിയ ഫേസ്‌ലിഫ്‌റ്റ് മോഡലിൽ നാവിഗേഷന് പുറമേ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ളേ, ബ്ളൂടൂത്ത് കണക്‌ടിവിറ്റി, വോയിസ് കമാൻഡ് എന്നിവ അടക്കമുള്ള ഇൻഫോടെയ്‌ൻമെന്റ് സംവിധാനമുണ്ട്. 54 എച്ച്.പി കരുത്തും 72 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് 800 സി.സി എൻജിൻ. 68 എച്ച്.പി കരുത്തുള്ള, 1.0 ലിറ്റർ എൻജിനുമുണ്ട്; ടോർക്ക് 91 എൻ.എം.
 വില : ₹2.92 ലക്ഷം മുതൽ
ടാറ്റാ ടിയാഗോ
പരമ്പരാഗത മോഡലുകളിൽ നിന്ന് ടാറ്റയെ ന്യൂജൻ ട്രാക്കിലേക്ക് നയിച്ച താരമാണ് ടിയാഗോ. ആകർഷകവും സ്പോർട്ടീയുമായ ലുക്ക്, ഫാമിലി കാറിനിണങ്ങിയ ചേരുവകൾ, ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്‌റ്ററും ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും മികവുറ്റ സ്പീക്കർ സിസ്‌റ്റവും ഉൾപ്പെടെയുള്ള ഫീച്ചറുകൾ എന്നിവയും ടിയാഗോയെ ആകർഷകമാക്കി. 1.2 ലിറ്റർ പെട്രോൾ എൻജിനാണുള്ളത്.
 വില : ₹4.70 ലക്ഷം മുതൽ