തിരുവനന്തപുരം: അരുവിക്കരയിൽ നിർമ്മാണം പുരോഗമിക്കുന്ന പുതിയ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് വി.കെ. പ്രശാന്ത് എം.എൽ.എ സന്ദർശിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ചില ഭാഗങ്ങളിലുള്ള കുടിവെള്ളക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് ഈ പ്ലാന്റിന്റെ പണി അടിയന്തരമായ പൂർത്തിയാക്കി കമ്മിഷൻ ചെയ്യേണ്ടതുണ്ട്. അരുവിക്കര പ്ലാന്റിന്റെ സിവിൽ വർക്കുകളും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതിനകം പൂർത്തീകരിച്ചു. പുതിയ പ്ലാന്റിൽ നിന്ന് പി.ടി.പി സെക്ഷനിലേക്കും അരുവിക്കര പൈപ്പ് ലൈനിലേക്കും ഒരുപോലെ വെള്ളമെത്തിക്കുന്നതിന് കഴിയും. ഇതിൽ പേരൂർക്കട സെക്ഷനിലേക്കുള്ള ഇന്റർ കണക്‌ഷൻ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. പ്ലാന്റ് പൂർത്തിയാകുന്നതോടെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ ശേഷി 225 എം.എൽ.ഡി യിൽ നിന്ന് 300 എം.എൽ.ഡിയായി ഉയരും. ഷിക്കഗോ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തത്. കഴിഞ്ഞ മാർച്ചോടെ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതി കൊവിഡ് സാഹചര്യത്തിലാണ് വൈകിയത്.
ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ട്രയൽ റൺ ആരംഭിക്കാൻ കഴിയുമെന്നും ഇതിനായി ജലവിഭവ, വൈദ്യുതി വകുപ്പുകളുടെ മന്ത്രിമാരുമായി ബന്ധപ്പെടുമെന്ന് എം.എൽ.എ അറിയിച്ചു. കേരള വാട്ടർ അതോറിട്ടി പ്രോജക്ട് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ജി.കെ. സുജാത് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അൻസൽ ജോൺ, അസിസ്റ്റന്റ് എൻജിനിയർ ഷിറാസ്, ചിക്കഗോ കൺസ്ട്രക്ഷൻസ് പ്രതിനിധികൾ എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.