തിരുവനന്തപുരം: പേരൂർക്കടയിൽ 2018 ൽ നടന്ന മോഷണ കേസിലെ പ്രതി പിടിയിലായി. തമിഴ് നാട് തിരുനെൽവേലി സ്വദേശി സെബാസ്റ്റ്യൻ ജോസഫിനെയാണ് (37) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ഡിസംബറിലാണ് പേരൂർക്കട വഴയിലയിലുള്ള താമരശേരി ബേക്കറി ഉടമയുടെ ഭാര്യയുടെ 47 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷ്ടിച്ച് പ്രതി ഒളിവിൽ പോയത്. താമരശേരി ബേക്കറിയിലെ ജോലിക്കാരനായിരുന്ന പ്രതി അസുഖബാധിതയായ ബേക്കറി ഉടമയുടെ ഭാര്യയ്ക്ക് ആഹാരസാധനങ്ങൾ പതിവായി ബേക്കറിയിൽ നിന്നും എത്തിക്കുമായിരുന്നു. ഈ സമയങ്ങളിൽ ആളില്ലാത്ത തക്കം നോക്കി അലമാരയുടെ താക്കോൽ കൈവശപ്പെടുത്തുകയും സ്വർണാഭരണങ്ങളും പണവും കവർന്നശേഷം താക്കോൽ തിരികെ വയ്ക്കുകയായിരുന്നു. ബേക്കറി ഉടമ മോഷണ വിവരം അറിയുമ്പോഴേക്കും പ്രതി ജോലി മതിയാക്കി തമിഴ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ബേക്കറി ഉടമ പേരൂർക്കട പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ മോഷണ മുതലുകൾ മാർത്താണ്ഡം ,തിരുനെൽവേലി എന്നീ സ്ഥലങ്ങളിൽ പണയം വച്ചിട്ടുള്ളതായി പൊലീസിനോട് വെളിപ്പെടുത്തി. പേരൂർക്കട എസ്.എച്ച്.ഒ സൈജുനാഥ് പേരൂർക്കട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ സഞ്ചു ജോസഫ്, സുനിൽ, ജയകുമാർ ,അനിൽകുമാർ, എസ്.സി.പി.ഒ മാരായ അജിത്ത്, പ്രസന്നകുമാർ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.