
തിരുവനന്തപുരം: ഡൽഹിയിൽ കഴിഞ്ഞ 19 ദിവസമായി നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ നാശത്തിന്റെ തുടക്കമായിരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐക്യ കർഷകസംഘം രാജ്ഭവന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യ കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കലാനിലയം രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജി.വിജയദേവൻ പിള്ള, മുൻ മന്ത്രി ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, തോമസ് ജോസഫ്, കെ.എസ്.സനൽകുമാർ എന്നിവർ സംസാരിച്ചു.