
 ഇംതിയാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി
 രാജകുമാരിയുടെ മൃതദേഹം സ്വദേശത്തേക്ക്
കൊച്ചി: ഫ്ളാറ്റിൽ നിന്നു വീണ് ജോലിക്കാരി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കാൻ ഫ്ലാറ്റുടമയായ ഹൈക്കോടതി അഭിഭാഷകൻ ഇംതിയാസ് അഹമ്മദിന്റെ ബന്ധുക്കൾ ശ്രമിക്കുന്നതിന്റെ വിവരങ്ങൾ പുറത്തായി. കേസിൽ നിന്ന് പിൻമാറണമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്തതായി മരിച്ച രാജകുമാരിയുടെ ഭർത്താവ് കാഴ്ചപരിമിതനായ ശ്രീനിവാസൻ വെളിപ്പെടുത്തി. മുൻ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകനാണ് ഇംതിയാസ് അഹമ്മദ്.
ഇംതിയാസിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 370 ാം വകുപ്പാണ് അന്യായമായ തടങ്കലിൽ പാർപ്പിക്കൽ കുറ്റത്തിന് പുറമേ ഇന്നലെ ചുമത്തിയത്. അടിമപ്പണി ചെയ്യിപ്പിക്കുന്ന കുറ്റമാണിത്. ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാം.
എറണാകുളം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ രാത്രിയോടെ കുമാരിയുടെ മൃതദേഹം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി.
ഇംതിയാസിന്റെ ഡ്രൈവറും ബന്ധുക്കളുമാണ് വാഗ്ദാനങ്ങളുമായി സമീപിച്ചതെന്ന് ശ്രീനിവാസൻ പറയുന്നു. തന്റെ വിരലുകൾ വെള്ളപ്പേപ്പറിൽ പതിപ്പിച്ചു. അത് എന്തിനെന്ന് അറിയില്ല. കേസിൽ നിന്ന് പിന്മാറിയാൽ ആശുപത്രി ചെലവും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും വാഗ്ദാനം ചെയ്തു. എന്നാൽ, ഒരു സഹായവും ലഭിച്ചില്ല. പൊലീസ് അന്വേഷണം നടത്തി കുറ്റവാളിയെ പിടികൂടണം. ബുറേവി ചുഴലിക്കാറ്റിനെ തുടർന്നാണ് ഭാര്യയോട് നാട്ടിലേക്ക് മടങ്ങാൻ പറഞ്ഞത്. അഡ്വാൻസായി വാങ്ങിയ പതിനായിരം രൂപ നൽകാതെ പോകാൻ കഴിയില്ലെന്ന് ഫ്ളാറ്റുടമ പറഞ്ഞു. പണം ഫ്ളാറ്റുടമയുടെ അക്കൗണ്ടിലിട്ടു. എന്നിട്ടും ഭാര്യയെ പുറത്തുവിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫ്ളാറ്റുടമയ്ക്കെതിരെ കേസെടുക്കണം. മൃതദേഹം വിദഗ്ദ്ധ സംഘത്തെ കൊണ്ട് പോസ്റ്റ്മോർട്ടം ചെയ്യിപ്പിക്കണമെന്നും ഭാര്യയ്ക്ക് നീതി ഉറപ്പാക്കണമെന്നും ശ്രീനിവാസൻ ആവശ്യപ്പെട്ടു.
വീട്ടുജോലിക്കാരി മരിച്ച സംഭവം പുനരന്വേഷിക്കണം: വനിത കമ്മിഷൻ
കൊച്ചി: വീട്ടുജോലിക്കാരി ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കേസിൽ ദുരൂഹതയുണ്ട്. ഫ്ളാറ്റുടമ 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിറുത്തി ജോലി ചെയ്യിപ്പിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണ്. അന്ന് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഗാർഹിക തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കണമെന്നും ജോസഫൈൻ പറഞ്ഞു.