
ചെറുപുഴ(കണ്ണൂർ): കൊലക്കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃദ്ധയെ ജയിലിൽ നിന്ന് പരോളിലെത്തിയ ഭർത്തൃസഹോദരപുത്രൻ കുത്തി കൊലപ്പെടുത്തി. ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കൽ റാഹേൽ (72) ആണ് മരിച്ചത്. റാഹേലിന്റെ ഭർത്താവ് പൗലോസ് (78), മകൻ ഡേവിഡ് (47) എന്നിവരെ കുത്തേറ്റ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദരപുത്രൻ ബിനോയ് (40) ആണ് അക്രമിച്ചതെന്ന് ചെറുപുഴ പൊലീസ് പറഞ്ഞു. സഹോദരനെ കുത്തിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഈ കേസിൽ സാക്ഷികളായിരുന്നു റാഹേലും കുടുംബവും. ഇയാൾ അടുത്തിടെയാണ് ചീമേനി തുറന്ന ജയിലിൽ നിന്നു പരോളിൽ ഇറങ്ങിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചെറുപുഴ പൊലീസ് എത്തിയാണ് കുത്തേറ്റവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. കൊലയ്ക്കു ശേഷം യുവാവ് ഒളിവിലാണ്. ഇയാൾ സംഭവദിവസം രാവിലെ മുതൽ ഇവരുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതായി പറയുന്നു. റാഹേലിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.