
ശ്രീകാര്യം: വീട്ടമ്മയുടെ കഴുത്തിലെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചുകടന്ന കള്ളൻ മാലയിൽ കോർത്തിരുന്ന താലി പിറ്റേന്ന് ആരും കാണാതെ കടയുടെ മുന്നിൽ തിരികെ കൊണ്ടിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45നാണ് ചെമ്പഴന്തി അണിയൂർ ദുർഗാ ഭഗവതി ക്ഷേത്രത്തിന് മുന്നിൽ സ്റ്റേഷനറിക്കട നടത്തുന്ന ലീലയുടെ മാല ബൈക്കിലെത്തിയ കള്ളൻ പൊട്ടിച്ചത്. ഗാന്ധിപുരം റോഡിലേക്ക് പോയ കള്ളനെ യുവാക്കൾ പിന്തുടർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇടറോഡുകൾ വഴി കള്ളൻ രക്ഷപ്പെട്ടിരിക്കാമെന്നായിരുന്നു സ്ഥലത്തെത്തിയ കഴക്കൂട്ടം പൊലീസിന്റെയും നിഗമനം. പഴക്കം ചെന്ന പൊട്ടിയ താലിമാല മാറ്റി പുതിയത് ഒരെണ്ണം വാങ്ങണമെന്ന് മകനോട് ആഗ്രഹം പറഞ്ഞതനുസരിച്ച് പഴയമാല കൊടുത്ത് ഒരു മാസം മുമ്പ് വാങ്ങിയ മാലയാണ് കള്ളൻ അപഹരിച്ചത്. കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിച്ചപ്പോൾ കൊളുത്ത് അകന്ന് താലിമാല മൊത്തമായി കള്ളന്റെ കൈയിൽ അകപ്പെടുകയായിരുന്നു. കഴുത്തിൽ കിടന്ന മാലയോടൊപ്പം താലിയും നഷ്ടമായെന്ന് സംഭവശേഷം അവർ വിലപിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ കള്ളൻ അലിവ് തോന്നി താലി മാത്രം പിറ്റേന്ന് കടയുടെ മുന്നിൽ വച്ചതായിരിക്കാമെന്നാണ് കരുതുന്നത്. എല്ലാ ദിവസത്തെയും പോലെ ഉച്ചയ്ക്ക് കടയടച്ച ശേഷം വൈകിട്ട് നാലിന് കട തുറക്കാനെത്തുമ്പോൾ നഷ്ടപ്പെട്ട താലി വാതിലിന് താഴെ കണ്ടെത്തുകയായിരുന്നു. സി.സി ടിവി കാമറകൾ അധികമില്ലാത്ത ഈ പ്രദേശത്തെക്കുറിച്ച് ധാരണയുള്ള ഏതോ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.