
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ മാതാവും സുഹൃത്തും പിടിയിലായി. ചെറുവയ്ക്കൽ ആക്കുളം പ്രശാന്ത് നഗർ പണയിൽ വീട്ടിൽ ആശ (35), ചെറുവയ്ക്കൽ വില്ലേജിൽ ഉള്ളൂർ ആക്കുളം റോഡിൽ നെടിയവിള വീട്ടിൽ സജു (39) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ആശ തന്റെ മക്കളായ പതിനഞ്ചും ഏഴും വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ച് സജുവിനൊപ്പം പോകുകയായിരുന്നു. ആശയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ സജുവിനൊപ്പം ആശയെ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചുപോയതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. വീട്ടമ്മയെ കാണ്മാനില്ല എന്ന പരാതി ലഭിച്ച ഉടൻ തന്നെ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ (ക്രമസമാധാനം) ഡോ. ദിവ്യ വിഗോപിനാഥിന്റെ നിർദ്ദേശാനുസരണം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയിരുന്നു. എസ്.ഐ മാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ എസ്,സി.പി.ഒ ജ്യോതി എന്നിവർ അന്വേഷണത്തിൽ പങ്കാളികളായി.