
നെയ്യാറ്റിൻകര: ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് വീടുകൾ കയറിയിറങ്ങി പെൺകുട്ടികളെ ശല്യം ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കന്യാകുമാരി വിളവൻകോട് മിതുവമ്മൽ മാങ്കുടി വീട്ടിൽ അഭിലാഷ് ബെർലിൽ (38) ആണ് കഴിഞ്ഞ ദിവസം മാരായമുട്ടം പൊലീസിന്റെ പിടിയിലായത്. ചായ്ക്കോട്ടുകോണം കണ്ണംകുഴി പ്രദേശത്തുളള നാല് വീടുകളിൽ കയറിയിറങ്ങിയാണ് ഇയാൾ പെൺകുട്ടികളെ ശല്യം ചെയ്തത്. പെൺകുട്ടികളെ ശല്യം ചെയ്തതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ഇയാളെ പിടികൂടുകയായിരുന്നു. പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ രൂപസാദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുടുക്കിയത്. വീടുകളിലെത്തിയ പ്രതി പെൺകുട്ടികളോട് മോശമായി പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു.