
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വെെകും. ഇതിനുളള പ്രാരംഭ നടപടികൾ പോലും പൂർത്തിയായിട്ടില്ല. അപകട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നൽകാൻ കഴിയാത്തതാണ് കാരണം.
കുറ്റപത്രത്തോടൊപ്പം സാധാരണ ഗതിയിൽ കേസിലേയ്ക്ക് ആവശ്യമായ രേഖകളും തൊണ്ടി മുതലുകളും കോടതിയിൽ സമർപ്പിക്കാറുണ്ട്. കേസ് വിചാരണ ആരംഭിക്കുന്നതിന് മുൻപ് രേഖകളുടെ പകർപ്പ് പ്രതികൾക്ക് ലഭിക്കാൻ അവകാശമുണ്ട്. എന്നാൽ തൊണ്ടിമുതലുകളുടെ പകർപ്പ് പ്രതികൾക്ക് നിയമപരമായി നൽകേണ്ടതില്ല.
അപകട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡിജിറ്റൽ വീഡിയോ റെക്കോർഡിംഗ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ തൊണ്ടി മുതലായാണ് ഹാജരാക്കിയത്. അതുകൊണ്ട് തന്നെ ഇതിന്റെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതിക്ക് കഴിയില്ല. കേസിലെ നിർണ്ണായക തെളിവായ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് തങ്ങൾക്ക് നൽകണമെന്ന പ്രതികളുടെ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചതുമാണ് . പിന്നീടാണ് അന്വേഷണ ഉദ്യോഗസ്ഥൻ വരുത്തിയ വീഴ്ച കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
മജിസ്ട്രേട്ടും പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകരും ഒരുമിച്ചിരുന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ഫോറൻസിക് ലാബിൽ വച്ച് പരിശോധിച്ച ശേഷം പകർപ്പെടുക്കുകയാണ് ഏക പോംവഴിയെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.പ്രോസിക്യൂട്ടറുടെ നിർദ്ദേശം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. ഇതിനായി കേസ് വീണ്ടും ഈ മാസം 31 ന് പരിഗണിക്കും. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീർ കൊല്ലപ്പെട്ടത്. കോടതി ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ശ്രീറാം വെങ്കിട്ടരാമൻ ഹാജരായില്ലെങ്കിലും വഫ ഹാജരായി.