
തിരുവനന്തപുരം: കോവളം വെള്ളാറിൽ വീട്ടമ്മയെയും യുവാവിനെയും ആക്രമിച്ച കേസുകളിലെ പ്രതികൾ പിടിയിൽ. വെള്ളാർ അരിവാൾ കോളനിയിൽ വിമൽ മിത്ര (കാട്ടിലെ കണ്ണൻ, 20), വെള്ളാർ ഒലിപ്പുവിള പൊറ്റവിള വീട്ടിൽ അമൽ (അമലുണ്ണി, 22), വാഴമുട്ടം കുഴിവിളാകം മേലേവീട്ടിൽ അജിത് (20), വാഴമുട്ടം കുഴിവിളാകം പനനിന്നവിള വീട്ടിൽ ആകാശ് (18) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ജിത്തുലാലിനെയും ടവർ വിഷ്ണുവിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസക്കാരനായ സുജിത്തിനെയാണ് പ്രതികൾ ആദ്യം ആക്രമിച്ചത്. സുജിത്തിന്റെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്തുകൊണ്ടിരുന്ന പ്രതികളുടെ കൂട്ടുകാരനെ വീട്ടിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ടിട്ട് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് സുജിത്തിനെ ആക്രമിച്ചത്. ഇതിനുശേഷം തിരിച്ചു പോകുന്ന വഴിയിൽ പ്രതികൾ വെള്ളാർ വേടർ കോളനിയിലുള്ള വീട്ടമ്മയേയും അക്രമിച്ചു. ഇവർ വീട്ടമ്മയുടെ വീടിനു മുന്നിലെ കുറ്റിക്കാട്ടിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം പരാതിക്കാരിയുടെ മകൻ പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് അക്രമിച്ചത്. ആക്രമണത്തിനുശേഷം നെടുമങ്ങാട് പാലോട് ഭാഗത്ത് ഒളിവിൽ പോയ പ്രതികളെ കോവളം എസ്.എച്ച്.ഒ പി.അനിൽ കുമാർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഒ മാരായ ഷിജു, വിനയൻ, ഷൈജു, രാജേഷ്, ബാബു, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.