arabic

കേരളവും അറബിഭാഷയും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. രാഷ്ട്രഭാഷയല്ലാത്ത നാടുകളിൽ,​ അറബി കൂടുതൽ സ്വാധീനം ചെലുത്തിയതും പ്രചാരം നേടിയതും കേരളത്തിലാണ്. അതിനാൽ അറബിഭാഷാ സാഹിത്യരംഗത്തും തൊഴിൽ രംഗത്തും അനന്തമായ അവസരങ്ങളും സാദ്ധ്യതകളുമാണ് മലയാളികൾക്കുള്ളത്.

ലോകത്തിന്റെ സാമ്പത്തിക സാംസ്‌‌കാരിക സാങ്കേതിക വൈജ്ഞാനിക തൊഴിൽ മേഖലകളിൽ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന ഭാഷയെന്ന നിലയിൽ ലോകത്ത് അറബി ഭാഷയുടെ പഠനവും തൊഴിൽ സാദ്ധ്യതകളും പ്രാധാന്യമർഹി​ക്കുന്നു . 2010 മുതൽ ഡിസംമ്പർ 18 ഐക്യരാഷ്ട്രസഭ അറബി ഭാഷാദിനമായി ആചരിക്കാൻ തുടങ്ങി . ഇരുപത്തഞ്ച് രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷായായും 50 കോടിയിലധികം ആളുകൾ സംസാര ഭാഷയായും അറബി ഉപയോഗിക്കുന്നു. വിശുദ്ധ ഖുർ- ആന്റെ ഭാഷയായതിനാലാണ് അറബി ആഗോളതലത്തിൽ പ്രചരിച്ചതെങ്കിൽ ഇന്ന് വിദ്യാഭ്യാസ സാംസ്‌കാരിക വാണിജ്യ മേഖലയിലും ടൂറിസംരംഗത്തും അനന്തമായ തൊഴിൽ സാദ്ധ്യതകളാണ് ലോകമെമ്പാടും അറബിഭാഷയെ ശ്രദ്ധേയമാക്കുന്നത്.

മതപരമായ മതിൽക്കെട്ടുകളില്ലാതെ,​ മുൻകാലങ്ങളെ അപേക്ഷിച്ച് പ്രൈമറിതലം മുതൽ ഗവേഷണരംഗം വരെ അറബിഭാഷ പഠിക്കാൻ മുസ്ലീങ്ങളല്ലാത്ത നിരവധി പേർ പഠനരംഗത്തും അദ്ധ്യാപനരംഗത്തേക്കും കടന്നുവരുന്നത് അഭിനന്ദനീയമാണ്.

കേരളത്തിലെ എല്ലാ യൂണിവേഴ്‌സിറ്റികൾക്ക് കീഴിലും,​ കേരളത്തിന് പുറത്ത് ഇന്ത്യയിലെ ഇരുപതിലധികം പ്രമുഖ യൂണിവേഴ്‌സിറ്റികളിലും സൗദി,​ ഖത്തർ,​ കുവൈത്ത്, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളിലും ഉയർന്ന സ്‌റ്റൈപ്പന്റോടു കൂടിയും മലയാളികൾക്ക് അറബിഭാഷയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനും അവസരമുണ്ട് . എന്നാൽ അറബി ഭാഷയിൽ പ്രാവീണ്യം നേടുന്ന മലയാളികൾ പലരും അദ്ധ്യാപന മേഖലയ്‌ക്കപ്പുറം അനന്തമായ തൊഴിൽ മേഖലകലകളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല.

ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധിയിൽ ആശങ്കപ്പെടുന്ന മലയാളിക്ക് അറബി ഭാഷാപരിജ്ഞാനമുണ്ടെങ്കിൽ അവസരങ്ങൾ നിരവധിയാണ്. ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാർത്താ മാദ്ധ്യമങ്ങൾ,​ ട്രാവലിംഗ് ടൂറിസം, പെട്രോളിയം മേഖലകൾ ആതുരാലയങ്ങൾ,​ വിദേശ എംബസികൾ, ജേർണലിസം, ബിസിനസ്, വ്യവസായം, വിദ്യാഭ്യാസം, ധനകാര്യം, ബാങ്കിങ്, പരിഭാഷ, വ്യാഖ്യാനം, കൺസൾട്ടൻസി, വിദേശ സേവനം, ഇന്റലിജൻസ് തുടങ്ങിയവ പോലെ വിവിധ മേഖലകളിൽ ഭാഷാപരിജ്ഞാനികൾക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ തുറന്നു കിടക്കുകയാണ്.

ഇന്ത്യയിലെ നഗരങ്ങളായ ബാംഗ്ലൂർ ,ഹൈദരാബാദ് കൊച്ചി തിരുവനന്തപുരം എന്നിവടങ്ങളിലുളള വിദേശ കമ്പനികളിലേക്കും ഹോസ്പിറ്റൽ ട്രാവൽ - ടൂറിസം രംഗത്തേക്കും ഗൂഗിൾ,​ ഫേസ് ബുക്ക്,​ ആമസോൺ എന്നിവയുടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഏജൻസികൾക്കും ട്രാൻസലേറ്റർ, ഭാഷാ വിദഗ്ദ്ധർ, പി.ആർ.ഒ, കണ്ടന്റ് എഡിറ്റർ ,കണ്ടന്റ് അനലൈസർ , ഡാറ്റാ അനലിസ്റ്റ്, കണ്ടന്റ് റൈറ്റർ, ട്രാൻസലേഷൻ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികളിലേക്ക് നിരവധി ഭാഷാപരിജ്ഞാനികളെ ആവശ്യമാണ്. നിരവധി മലയാളികൾ വിദേശത്ത് മറ്റുജോലികൾക്കും കേരളത്തിൽ സർക്കാർ ജോലികൾക്കും ലഭിക്കുന്ന ശമ്പളത്തെക്കാൾ ഉയർന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും നേടി ഈ രംഗത്ത് ജോലിചെയ്യുന്നുണ്ട്.

അറബിഭാഷ സാഹിത്യ പഠനരംഗത്തും ടൂറിസം, വ്യവസായം ,ചികിത്സാ,​ തൊഴിൽ മേഖലയിലേക്ക് വിദേശികളെ ആകർഷിക്കുന്നതിനും ഈ രംഗത്ത് സ്വദേശത്തും വിദേശത്തും മലയാളികൾക്ക് അവസരമൊരുക്കുന്നതിനും സഹായിക്കും. കേരളത്തിലെ അറബിഭാഷാ പഠനസംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അറബ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ കേരളത്തിൽ ഒരു അറബിക്ക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ സർക്കാർ മുന്നോട്ടു വരികയാണ് ഇനി വേണ്ടത്.

(ലേഖകൻ,​ മലപ്പുറം കൽപകഞ്ചേരി ഗവ. ഹയർസെക്കൻഡറി അദ്ധ്യാപകനും തിരൂർ ഗവ.തുഞ്ചൻ കോളേജിൽ ഗവേഷകനുമാണ് ഫോൺ: 9961351135 )​