
തിരുവനന്തപുരം: ആക്ഷൻകൗൺസിലെന്ന പദം പേരിലെന്നപോലെ പ്രവൃത്തിയിലും മലയാളികൾക്ക് ചിരപരിചിതമായത് സിസ്റ്റർ അഭയക്കേസുമായി ബന്ധപ്പെട്ടാണ്. അഭയയുടെ മരണം ആത്മഹത്യയാക്കാനുള്ള ലോക്കൽ പൊലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31നാണ് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്.
അന്വേഷണം അട്ടിമറിച്ചും തെളിവ് നശിപ്പിച്ചും കേസിന്റെ തുടക്കം മുതൽ ഒടുക്കംവരെ ഓരോഘട്ടത്തിലും കുറ്രവാളികൾക്ക് തടിയൂരാൻ സൃഷ്ടിക്കപ്പെട്ട പഴുതുകളെ സമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും പ്രതിരോധിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽകൊണ്ടുവന്നതാണ് അഭയക്കേസിൽ ആക്ഷൻകൗൺസിലിന്റെ വിജയം.
മൃതദേഹം പയസ്ടെൻത് 
കോൺവെന്റിലെ 
കിണറ്റിൽ
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന അഭയയുടെ (21)മൃതദേഹം 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടതാണ് കേസിന്റെ തുടക്കം. 
കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അഭയ. അച്ഛൻ തോമസും അമ്മ ലീലാമ്മയും നാലു വർഷം മുമ്പ് മരിച്ചു .
കേസിന്റെ തുടക്കത്തിൽ ലോക്കൽ പൊലീസിൽ നിന്ന് തുടങ്ങിയ അട്ടിമറി നീക്കങ്ങൾ സാക്ഷികളുടെ കൂറുമാറ്റത്തിലൂടെ വിചാരണയുടെ അവസാന ഘട്ടം വരെ നീണ്ടപ്പോഴും കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ച് ഇവരെ നിയമത്തിന് മുന്നിലെത്തിക്കുകയെന്ന കടമയായിരുന്നു ആക്ഷൻ കൗൺസിൽ നിർവ്വഹിച്ചത്.
ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവുമാണ് അഭയക്കേസ് അന്വേഷിച്ചത്.
കേസ് അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്
1993 ജനുവരി 30 ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നതിന് എട്ടു മാസം മുൻപ് 1992 മെയ് 15 ന് കോട്ടയം പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ നേരിൽക്കണ്ട് ജോമോൻ പുത്തൻപുരയ്ക്കൽ സിസ്റ്റർ അഭയയുടെ മരണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി. മൂന്നു ദിവസം കഴിഞ്ഞപ്പോൾ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. 1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
കൊലപാതകമെന്ന് സി.ബി.ഐ
സി.ബി.ഐ കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി വർഗീസ്.പി.തോമസിന്റെ നേതൃത്വത്തിൽ ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളി കൊലപാതകമാണെന്ന് കണ്ടെത്തി.സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് കടകവിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദം ചെലുത്തി. സമ്മർദ്ദത്തിന് വഴങ്ങാതെ വന്നപ്പോൾ മേലുദ്യോഗസ്ഥരുപടെ പീഡനം സഹിക്കവയ്യാതെ സി.ബി.ഐ ഡിവൈ.എസ്.പി വർഗീസ്.പി.തോമസ് ഒമ്പത് വർഷം സർവീസ് ബാക്കിനിൽക്കെ 1993 ഡിസംബർ 31 ന് സ്വമേധയാ രാജിവച്ചു. വർഗീസ്.പി.തോമസിന്റെ രാജിയെ തുടർന്ന് അഭയക്കേസ് മേൽനോട്ടത്തിൽ നിന്ന് വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി. 1994 ജൂൺ 2 ന് സി.ബി.ഐ ഡയറക്ടറായിരുന്ന കെ.വിജയരാമറാവുവിനെ എം.പിമാരായിരുന്ന ഒ.രാജഗോപാൽ,ഇ.ബാലാനന്ദൻ,പി.സി.തോമസ് എന്നിവർക്കൊപ്പം കണ്ട് പരാതി നൽകിയതിന് തുടർന്ന് ത്യാഗരാജനെ മാറ്റി.
നാർകോ 
അനാലിസിസ്
ആർ .എംകൃഷ്ണയുംസംഘവും കോട്ടയത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി. 
പ്രതികളെ ബംഗളൂരുവിൽ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തി.നാർകോ അനാലിസിസ് ടെസ്റ്റ് റിസൾട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി. കൊച്ചി യൂണിറ്റ് ഡിവൈ.എസ്.പി നന്ദകുമാരൻ നായർ അന്വേഷണം ഏറ്റെടുത്തു. 
അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂത്തൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ 16 വർഷങ്ങൾക്ക് ശേഷം 2008 നവം. 18 ന് അറസ്റ്റ് ചെയ്തു. ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂത്തൃക്കയിൽ,സിസ്റ്റർ സ്റ്റെഫി എന്നിവർക്കെതിരെ 2009 ജൂലൈ 17 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷത്തിന്ശേഷം മൂന്നു പ്രതികളും 2011 മാർച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിടുതൽ ഹർജി നൽകി.
തെളിവ് നശിപ്പിച്ചവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു
അഭയ കേസിൽ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചു. 
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി 2015 ജൂൺ 30 ന് സിബിഐ തിരുവനന്തപുരം കോടതിയിൽ തുടരന്വേഷണറിപ്പോർട്ട് നൽകി. അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.റ്റി.മൈക്കിളിനെ നാലാം പ്രതിയാക്കി. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ ഘട്ടത്തിൽ തെളിവ് ലഭിച്ചാൽ ക്രിമിനൽ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.ടി.മൈക്കിളിനെ വിചാരണക്കോടതിക്ക് പ്രതിയാക്കാമെന്ന് 2019 ഏപ്രിൽ 9 ന് ഹൈക്കോടതി ഉത്തരവ് ഇട്ടു. വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന പ്രതികളുടെ ഹർജി ഒമ്പത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി.
ഫാ. ജോസ് പൂത്തൃക്കയിലിനെ വെറുതേ വിട്ടു
ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനും മൂന്നാം പ്രതി സ്റ്റെഫിയ്ക്കും വിചാരണ നേരിടുവാൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്ന് സി.ബി.ഐ കോടതി കണ്ടെത്തി വിടുതൽ ഹർജി തള്ളി. അതേസമയം, രണ്ടാം പ്രതി ഫാ.ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ കോടതി വെറുതെ വിട്ടു. അതിന് കാരണമിതാണ്. കേസിലെ സാക്ഷികളിലൊരാളും കോൺവെന്റിലെ നൈറ്റ് വാച്ച്മാനുമായിരുന്ന ചെല്ലമ്മ ദാസ് സി.ബി.ഐക്ക് നൽകിയ മൊഴിയിൽ അഭയ മരിക്കുന്നതിന് മുൻപ് ഫാ.ജോസ് പൂത്തൃക്കയിൽ രാത്രി 11ന് ശേഷം കോൺവെന്റിന്റെ മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്ന് പറയുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞ് അതെ ആൾ വീണ്ടും മതിൽ ചാടി പോയത് കണ്ടതായി മൊഴിയിലുണ്ടെങ്കിലും അഭയ മരിച്ച തീയതി മൊഴിയിൽ രേഖപ്പെടുത്തിയിരുന്നില്ല. കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) 2014ൽ മരിച്ചു പോയതിനാൽ പ്രോസിക്യൂഷൻ സാക്ഷിയായ ഇയാളെ വിസ്തരിക്കാൻ കഴിഞ്ഞില്ല.
വൈദികരെ 
കോൺവെന്റിൽ 
കണ്ടുവെന്ന് സാക്ഷി
അതേസമയം ദൃക്സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലർച്ചെ രണ്ട് വൈദികരെ കോൺവെന്റിന്റെ സ്റ്റെയർകെയ്സിൽ കണ്ടതായി സി.ബി.ഐക്ക് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി കോടതിയിൽ വിലയിരുത്തുന്നതിൽ സി.ബി.ഐ പരാജയപ്പെടുകയും ചെയ്തു. ഫാ.ജോസ് പൂത്തൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയ്യേണ്ടതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് തള്ളി.പൂത്തൃക്കയിലിനെവിചാരണ കൂടാതെ വിട്ടതിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ അറിയിച്ചിരുന്നു. വിചാരണകൂടാതെ തങ്ങളെ വിടണമെന്നപേക്ഷിച്ച് ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും സുപ്രീം കോടതിയിൽ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷനിൽ പ്രമുഖ അഭിഭാഷകരായ മുകുൾ രോഹ് തക്കും അഭിഷേക് മനു സിംഗ്വിയും ഹാജരായെങ്കിലും ജസ്റ്റിസ് അബ്ദുൾ നാസർ ഫയലിൽ പോലും സ്വീകരിക്കാതെ ഹർജി തള്ളുകയും വിചാരണ നേരിടാൻ ഉത്തരവിടുകയും ചെയ്തു. ഇതേതുടർന്ന് തിരുവനന്തപുരം സി.ബി.ഐ കോടതി സ്പെഷ്യൽ ജഡ്ജി കെ.സനൽ കുമാർ 2019 ആഗസ്റ്റ് 5 ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
സി.ബി.ഐ 
കോടതിയിൽ 
വിചാരണ
2019 ആഗസ്റ്റ് 26 മുതൽ സി.ബി.ഐ കോടതിയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.133 പ്രോസിക്യൂഷൻ സാക്ഷികളുള്ള കേസിൽ പല സാക്ഷികളും മരിച്ചു പോയതിനാൽ 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളു. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല.ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും പിന്നിട്ടിരുന്നു. ആക്ഷൻ കൗൺസിൽ കൺവീനറായ ജോമോൻ പുത്തൻപുരയ്ക്കൽ പ്രോസിക്യൂഷൻ 24-ാം സാക്ഷിയാണ്. പ്രോസിക്യൂഷന് വേണ്ടി വാദിച്ചത് സി.ബി.ഐ പ്രോസിക്യൂട്ടർ എം. നവാസാണ്.ഒന്നാം പ്രതി ഫാ. കോട്ടൂരിന് വേണ്ടി അഡ്വ. ബി.രാമൻപിള്ളയും മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫിക്ക് വേണ്ടി അഡ്വ. ജെ.ജോസും കോടതിയിൽ ഹാജരായി.