girilal

തിരുവനന്തപുരം: ബൈക്ക് മോഷണ കേസിലെ പ്രതി ഉള്ളൂർ കിഴക്കേകരവിളാകം വീട്ടിൽ ഗിരിലാലിനെ (30) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഫോർട്ട് എസ്.ഐ സജു എബ്രഹാമിന്റെ നേതൃത്വത്തിൽ മണക്കാട് പുത്തൻ റോഡിൽ വാഹന പരിശോധന നടത്തുമ്പോൾ നമ്പർ പ്ലേറ്റ് അവ്യക്തമായി മാറ്റിയ രീതിയിൽ ബൈക്കുമായി എത്തിയ ഗിരിലാലിനെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ ചെയ്‌സിസ് നമ്പർ ചുരണ്ടി അവ്യക്തമാക്കിയിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി മുൻപ് മോഷണം നടത്തിയ വാഹനം ആണിതെന്നും നേരത്തെയും മോഷണ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളതായും വെളിപ്പെടുത്തി. പിടിയിലാകുമ്പോൾ കൈവശമുണ്ടായിരുന്ന ബൈക്ക് ആലപ്പുഴയിൽ നിന്നും മോഷ്ടിച്ചതാണെന്നും തെളിഞ്ഞു.

ഇയാൾക്കെതിരെ മെഡിക്കൽ കോളേജ്, കോവളം,തമ്പാനൂർ തുടങ്ങിയ സ്റ്റേഷനുകളിലായി 10 ഓളം മോഷണ കേസുകൾ നിലവിലുണ്ട്. ഫോർട്ട് അസി.കമ്മീഷണർ പ്രതാപൻ നായരുടെ നിർദ്ദേശാനുസരണം ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്.ജെ, എസ്.ഐ സജു എബ്രഹാം, സെൽവിയസ് രാജ്, സി.പി.ഒമാരായ മഹേഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.