
ഉള്ളൂർ: ഓൺലൈൻ തട്ടിപ്പുകാർക്ക് ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കാതിരുന്നിട്ടും യുവ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി. ഉള്ളൂരിൽ താമസിക്കുന്ന ആയുർവേദ ഡോക്ടറുടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം 4999 രൂപ തട്ടിച്ചത്. ബംഗളൂരുവിൽ പഠനം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തിയ ഡോക്ടർ ഒരു പ്രമുഖ ജോബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഇന്ന് വിവരങ്ങൾ ശേഖരിച്ച് മൊബൈൽ ഫോണിൽ ബന്ധപ്പെട്ട സംഘമാണ് രജിസ്‌ട്രേഷൻ ഫീസായി 99 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇവർ പറഞ്ഞ പ്രകാരം മൊബൈൽ ഫോണിൽ അയച്ച് നൽകിയ ലിങ്കിൽ കയറി ഓൺലൈനായി ഫീസടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായത്. രണ്ട് മൂന്ന് പ്രാവശ്യം പണം മാറ്റുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന് പിന്നാലെ രഹസ്യ പിൻ ചോദിച്ച് കൊണ്ടുള്ള ഫോൺ വിളിയുമെത്തി. എന്നാൽ ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയതിനാൽ ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കാതെ സൈറ്റിൽ നിന്ന് പുറത്തിറങ്ങി. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 4999 പിൻവലിച്ചതായി മനസിലായത്. ഓൺലൈൻ പേമെന്റ് അടയ്ക്കുവാൻ ലിങ്ക് കൈമാറിയ വാട്സ്ആപ് നമ്പരിൽ വിവരങ്ങൾ കൈമാറിയതോടെ നമ്പർ ബ്ലോക്കാക്കി. സൈബർ പൊലീസിന് നൽകിയ പരാതി മെഡിക്കൽ കോളേജ് പൊലീസിന് കൈമാറിയിട്ടുണ്ട്.