
വർക്കല: തീർത്ഥാടന നഗരത്തിന് അലങ്കാരമായി വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ഉദ്യാനമൊരുങ്ങുന്നു. മിക്കവാറും ജോലികൾ പൂർത്തിയായ ഉദ്യാനം ഔപചാരികമായ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫാമിനോട് ചേർന്ന് സ്റ്റേഷൻമാസ്റ്റർ സി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് ഉദ്യാനനിർമ്മാണം തുടങ്ങിയത്. നേരത്തെ ഗുഡ്ഷെഡ് നിന്നിരുന്ന സ്ഥലമായതുകൊണ്ട് ക്ലേശകരമായിരുന്നു നിർമ്മാണ ജോലികൾ. ഉദ്യാനത്തിനായി നിലമൊരുക്കാൻ മണ്ണിന്റെ അടിയിൽ നിന്നും നൂറിൽപ്പരം സ്ലാബുകളാണ് ഇളക്കിമാറ്റേണ്ടി വന്നത്. അയിരൂർ എം.ജി.എം സ്കൂളിലെ വിദ്യാർത്ഥികളും മാനേജ്മെന്റും ഉദ്യാനനിർമ്മാണത്തിൽ സഹായിച്ചു. കഴിഞ്ഞ ഒന്നര വർഷമായി ചെടികൾ നട്ടും പരിപാലിച്ചും വരികയായിരുന്നു പ്രസന്നകുമാർ. ചെടികളിൽ ചിലതെല്ലാം പൂവിട്ടു തുടങ്ങിയിട്ടുണ്ട്. സ്റ്റേഷൻ കെട്ടിടത്തിന്റെ മുൻവശത്തും ചെടികൾ വച്ചുപിടിപ്പിച്ചു. ഇന്ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞ് അധികാരത്തിൽ വരുന്ന നഗരസഭ കൗൺസിലിന്റെ പുതിയ ചെയർമാനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് തീരുമാനം.
സ്റ്റേഷൻ പരിസരത്ത് കാടുകയറിക്കിടക്കുന്ന സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച് പൂമരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് പരിസരം മുഴുവൻ ഉദ്യാനവത്കരിക്കാൻ ഉദ്യേശമുണ്ടെന്നും റസിഡന്റ്സ് അസോസിയേഷനുകളും അതുപോലുള്ള സംഘടനകളും സ്വകാര്യ സംരംഭകരും സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർ സഹകരിച്ചാൽ അത് നടപ്പാക്കാൻ കഴിയുമെന്നും സ്റ്റേഷൻമാസ്റ്റർ പ്രസന്നകുമാർ പറയുന്നു.