
പാറശാല: തിരഞ്ഞെടുപ്പ് വിജയത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ പാറശാല ഇഞ്ചിവിളയിൽ ബി.ജെ.പി പ്രവർത്തകന് പരിക്ക്. പരിക്കേറ്റ സ്പെയർ പാർട്സ് കട ഉടമ നടുത്തോട്ടം ജനാർദ്ദനന്റെ മകൻ ഷാജിയെ (32) പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. പത്തോളം പേർ ഉൾപ്പെടുന്ന സംഘം ആക്രമണത്തിൽ പങ്കെടുത്തതായി നാട്ടുകാർ പറയുന്നു. ബി.ജെ.പി അനുഭാവിയായ ഷാജി തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയതിനുള്ള പ്രതികാരമാണിതെന്നും പിന്നിൽ ഡി വൈ.എഫ്.ഐ പ്രവർത്തകരാണെന്നും ബി.ജെ.പി ആരോപിച്ചു. പാറശാല താലൂക്ക് ആശുപത്രിയിലും പ്രതികളെത്തിയതിനെ തുടർന്ന് പാറശാല പൊലീസ് പരിശോധന നടത്തി.