
കാസർകോട്: നവജാത ശിശുവിന്റെ മരണത്തിൽ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസടുത്ത് കോടതിക്ക് റിപ്പോർട്ട് നൽകും. നേരത്തേ സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം അനന്തര നടപടി കൈക്കൊള്ളാനാണ് പൊലീസ് നീക്കം. അതിനിടെ എസ്.ഐ അനീഷ് നടത്തിക്കൊണ്ടിരുന്ന അന്വേഷണം ബദിയടുക്കയിൽ സി.ഐ ഇല്ലാത്തതിനാൽ ആദൂർ സി.ഐ വിശ്വംഭരന് കൈമാറും. തുടർന്നായിരിക്കും അന്വേഷണം ഊർജ്ജിതമാക്കുക.ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ശാഹിനയുടെ നവജാത ശിശുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ കട്ടിലിനടിൽ വയറിൽ ചുറ്റിവരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശാഹിനയെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ശാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിച്ചിരുന്നു. എന്നാൽ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ കഴുത്തിൽ കേബിൾ വയർ മുറുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ഭർത്താവ് ശാഫി പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കി.ശാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരം അറിയിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ശാഹിന ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് ശാഫിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശാഹിനയെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.