
തിരുവനന്തപുരം:സാഹിത്യകാരനും അഭിഭാഷകനുമായ കെ.എം.അന്ത്രു (83) അന്തരിച്ചു. ഇന്നലെ വെളുപ്പിന് ഈഞ്ചക്കൽ കല്ലുമൂട് സെക്കുലർ ഗാർഡൻസിലെ വസതിയായ ഗസലിൽ വച്ചായിരുന്നു അന്ത്യം. വള്ളക്കടവ് ജുമാ മസ്ജിദിൽ കബറടക്കി.
കോട്ടയിൽ മൊയ്തീൻ സാഹിബിന്റെയും പെരുമ്പളം കല്ലിടുംകടവിൽ കുഞ്ഞോമ്മയുടെയും എട്ടാമത്തെ പുത്രനായി 1937 ഏപ്രിൽ 2ന് ജനിച്ചു. വിദ്യാർത്ഥി ആയിരിക്കേ,1956 മുതൽ കേരളകൗമുദി അടക്കം നിരവധി പ്രസിദ്ധീകരണങ്ങളിൽ ചെറുകഥകളും,ലേഖനങ്ങളും എഴുതി.1957ൽ പത്തിരിയും ഇറച്ചിയും ' എന്ന ആദ്യകഥ പ്രസിദ്ധീകരിച്ചു.കാഞ്ഞിരമറ്റം അന്ത്രു എന്ന പേരിലായിരുന്നു അക്കാലത്ത് ലേഖനങ്ങളും കഥകളും എഴുതിയിരുന്നത്.
മഹാരാജാസ് കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെ ഡിഫൻസ് അക്കൗണ്ട് ഓഫീസിലും തിരുവനന്തപുരത്തെ പെൻഷൻ പേ മാസ്റ്റർ ഓഫീസിലും സതേൺ റെയിൽവേയിലും ജോലി നോക്കിയിരുന്നു. ആൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ സോണൽ പ്രസിഡന്റായിരുന്നു.വിരമിച്ചശേഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
പുള്ളിക്കുയിലും, പനിനീർപ്പൂവും, ഒരു സ്‌നേഹബന്ധവും' എന്ന പേരിൽ 2004 ൽ ആദ്യപുസ്തകം പുറത്തിറങ്ങി.
ന്യായാധിപനും ഒട്ടകവും, ദൂരക്കാഴ്ചകൾ, വാഴക്കുല, പദ്മശ്രീ എന്നിവയാണ് കഥാസമാഹാരങ്ങൾ. 2014ൽ നർമ്മ കൈരളി ഹാസ്യസാഹിത്യ പുരസ്‌കാരവും, 2015ൽ നവരസം സംഗീതസഭയുടെ ഗോവിന്ദ് രചന അവാർഡും ലഭിച്ചിട്ടുണ്ട്.
പ്രതിഭ രേണുക്കൾ എന്ന ലേഖനസമാഹാരം 2018ൽ പുറത്തിറങ്ങി.
ഭാര്യ: ജമീലബീവി, മക്കൾ: ചാന്ദിനി (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), ഷാജിൽ അന്ത്രു (പ്രിൻസിപ്പൽ, ആറ്റിങ്ങൽ പോളിടെക്നിക്ക്) മരുമക്കൾ: ഡോ.സജിത്ത്, എച്ച്.എസ് മിനി.