
കോട്ടയം: കന്യകയെന്നു സ്ഥാപിക്കാൻ അഭയകേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയെന്ന കണ്ടെത്തൽ കേസിൽ നിർണായകമായിരുന്നു. ഫാ. ജോസ് പൂതൃക്കയിൽ, ഫാ. തോമസ് കോട്ടൂർ എന്നിവർക്ക് പയസ് ടെൻത് കോൺവെന്റിലെ സിസ്റ്റർ സെഫിയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് അഭയയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
സംഭവദിവസം പുലർച്ചയോടെ ഫ്രിഡ്‌ജിൽ നിന്ന് കുടിക്കാൻ വെള്ളമെടുക്കാൻ എഴുന്നേറ്റുവന്ന അഭയ, ഇവർ മൂവരുമൊത്ത് ലൈംഗിക ബന്ധത്തിൽ എർപ്പെടുന്നതു കണ്ടതിനെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്. സി.ബി.ഐ സെഫിയെ അറസ്റ്റു ചെയ്ത ശേഷം, 2008 നവംബർ 25ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോൾ കന്യകയാണെന്നു സ്ഥാപിക്കാൻ കന്യാചർമം കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി സർജറി നടത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജിലെ പൊലീസ് സർജനും 29 -ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരൻ കണ്ടെത്തിയെന്ന് സി.ബി.ഐ കോടതിയിൽ മൊഴി നൽകിയിരുന്നു.
സെഫി കന്യകയാണെന്നു സ്ഥാപിച്ചെടുത്താൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്ന നിയമോപദേശം അനുസരിച്ചായിരുന്നു കന്യകാചർമം കൃത്രിമമായി വച്ചുപിടിപ്പിച്ചതെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി .ഇതിനാവശ്യമായ തെളിവുകൾ നിരത്തിയായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം.