
വർക്കല: മൂന്നുലക്ഷം രൂപ വിലയുള്ള പഞ്ചലോഹ അയ്യപ്പവിഗ്രഹം കവർന്നതുൾപ്പടെ നിരവധി മോഷണക്കേസുകളിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. അയന്തി വലിയ മേലതിൽ ക്ഷേത്രത്തിന് സമീപം പുതുവൽ വീട്ടിൽ വിഷ്‌ണുവാണ് (24) പിടിയിലായത്. ഒക്ടോബർ 15ന് വർക്കലയിലെ മൂന്നുക്ഷേത്രങ്ങളിലാണ് വിഷ്‌ണു കവർച്ച നടത്തിയത്. ചെറുന്നിയൂർ പള്ളിയിൽ കണ്ടൻ ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ട് തകർത്താണ് രണ്ടുകിലോ തൂക്കമുള്ള പഞ്ചലോഹ അയപ്പ തിരുമുഖം കവർന്നത്. അയന്തി വലിയ മേലതിൽ ദേവീക്ഷേത്രം, കുരയ്‌ക്കണ്ണി വലിയ വീട്ടിൽ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം ഇയാൾ വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടർന്ന് വെണ്ണിയോട് പള്ളിക്ക് സമീപം ചോപ്പൻവിള പുരയിടത്തിലെ പുൽക്കാട്ടിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കുപ്രസിദ്ധ മോഷ്ടാവ് പരവൂർ സ്വദേശി സുദേവനോടൊപ്പം വിഷ്‌ണു 11ാം വയസ് മുതൽ മോഷണം ആരംഭിച്ചു. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള വിഷ്‌ണു അഞ്ചുവർഷം ജുവനൈൽ ഹോമിലും കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര കവർച്ചയ്‌ക്ക് പുറമെ ബൈക്കു മോഷണമുൾപ്പടെ മുപ്പതോളം കേസുകളിലും ഇയാൾ പ്രതിയാണെന്ന് വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ പറഞ്ഞു. മറ്റൊരു കേസിലെ വിരലടയാളത്തിലുണ്ടായിരുന്ന സാമ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് റൂറൽ എസ്.പി ബി. അശോകൻ വർക്കല പൊലീസിനെ അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ ജി. ഗോപകുമാർ, സബ് ഇൻസ്‌പെക്ടർമാരായ ചന്ദ്രബാബു, ഷംസുദീൻ, എ.എസ്.ഐ ജയപ്രസാദ്, സി.പി.ഒ അജീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.