ddd

കോവളം: വിഴിഞ്ഞത്ത് പരസ്യമദ്യപാനം തടഞ്ഞ പൊലീസിന് നേരെ മദ്യപ സംഘത്തിന്റെ ആക്രമണം. കല്ലും ബിയർകുപ്പിയും വലിച്ചെറിഞ്ഞുള്ള ആക്രമണത്തിൽ വിഴിഞ്ഞം എസ്.ഐ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ കോട്ടപ്പുറം കരിമ്പള്ളിക്കര സ്വദേശി നസ്രായേൽ (50), കരയടിവിള സ്വദേശി ഷാജി (40) എന്നിവരെ പൊലീസ് പിടികൂടി. ഓടി രക്ഷപ്പെട്ടയാൾക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പട്രോളിംഗിനിടെ ശനിയാഴ്ച രാത്രി വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് പഴയ വാർഫിന് സമീപമായിരുന്നു സംഭവം. റോഡരികിലിരുന്ന് മദ്യപിക്കുകയായിരുന്ന സംഘത്തെ പറഞ്ഞയച്ച പൊലീസ് വാർഫിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹനം നിറുത്തി പൊലീസ് ഇറങ്ങുന്നതിനിടെ ഇവർ ഓടിരക്ഷപ്പെട്ടു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ ഓട്ടോയിൽ ബസ് സ്റ്റാൻഡ്പരിസരത്തെത്തിയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.