
ഉള്ളൂർ: മകൾക്ക് കൂട്ടിരുന്ന മാതാവിന്റെ 5 പവൻ മാല കവർന്ന കേസിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണി മുറിഞ്ഞട കുരിശടി താഴെ മുറിഞ്ഞാടാ വീട്ടിൽ ശ്രീലതയെയാണ് (43) പിടികൂടിയത്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്തിലുള്ള സംഘം ഒരുമാസത്തിലേറെ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. മകളെ പ്രസവത്തിനായി അഡ്മിറ്റാക്കിയിരുന്ന സമയം ഒപ്പം ഉണ്ടായിരുന്ന മാതാവ് കാട്ടാക്കട സ്വദേശി രുദ്രാണി രാത്രി ഉറങ്ങാൻ കിടന്നപ്പോൾ തലയിണ കവറിനുള്ളിൽ ഊരി സൂക്ഷിച്ചിരുന്ന സ്വർണമാലയാണ് കാണാതായത്. പരാതിയെ തുടർന്ന് ജീവനക്കാര കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. സംഭവ ദിവസം മുതൽ പ്രതി ഉൾപ്പെടെ നാലോളം പേരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തെങ്കിലും ആരും എടുത്തിട്ടില്ലെന്ന മൊഴിയാണ് നൽകിയത്. തുടർന്ന് ഓരോ ജീവനക്കാരെയും രഹസ്യമായി പിന്തുടർന്ന് ഇവർ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് മോഷ്ടാവിനെ കണ്ടെത്താൻ സഹായിച്ചത്. ഇവരുടെ സുഹൃത്ത് നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ സ്വർണമാല വില്പനയ്ക്ക് കൊണ്ട് വരികയും തൂക്കി നോക്കിയ ശേഷം വില സമ്മതമാകാത്തതിനാൽ തിരികെ കൊണ്ട് പോയതായും പൊലീസിന്റെ വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടർന്ന് നെയ്യാറ്റിൻകരയിലെ ഒരു ജ്വല്ലറിയിൽ വില്പന നടത്തിയ മാല കണ്ടെത്തി. മോഷണ മുതൽ സഹിതം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
ഡി.സി.പി ദിവ്യാഗോപിനാഥിന്റെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ, മാർവിൻ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്, പ്രതാപൻ അനിൽ എന്നിവരടന്ന പ്രത്യേക സംഘമാണ് കേസ് അന്വഷിച്ചത്.