
പോത്തൻകോട്: തോന്നയ്‌ക്കൽ ചെമ്പകമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ച കേസിലെ പ്രതിയെ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
മരിച്ച വിഷ്‌ണുവിന്റെ സുഹൃത്ത് കുറക്കട ദീപാ ഭവനിൽ വിമലിനെയാണ് (38) മംഗലപുരം പൊലീസിന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചെമ്പകമംഗലം കാരിക്കുഴി ശ്രീശാസ്‌തത്തിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ മകൻ വിഷ്ണു (30) കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. വിമലിന്റെ സഹോദരിയുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റിനെക്കുറിച്ചുള്ള വാക്കുതർക്കം അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. വിഷ്‌ണുവിന്റെ ദേഹത്ത് 15ഓളം കുത്തുകളുണ്ടായിരുന്നെന്നും വയറിലും നെഞ്ചിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവശേഷം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലായിരുന്ന വിമലിന്റെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. അവിവാഹിതനായ വിഷ്‌ണു മാതാപിതാക്കൾ മരിച്ചതോടെ സഹോദരിയോടൊപ്പം കുടുംബ വീട്ടിലായിരുന്നു താമസം.