
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മൊത്ത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻശേഖരം പിടികൂടി. വെങ്ങാനൂർ മുട്ടയ്ക്കാട് കണ്ഠൻ ശാസ്താക്ഷേത്രത്തിന് സമീപം എസ്.എസ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഫൈസലിന്റെ വീട്ടിൽ നിന്നാണ് 75 ചാക്കുകളിൽ മുറികളിലും കാറിലുമായി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങൾ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്സ് (ഡാൻസാഫ്) ടീമിന്റെ സഹായത്തോടെ കോവളം പൊലീസ് പിടിച്ചെടുത്തത്.
ഫൈസലിന്റെ ഭാര്യ മെഹറുനീസ (45)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസലും ഭാര്യ മെഹറുനിസയും ചേർന്ന് ആഡംബര വീട് വാടകയ്ക്കെടുത്ത് പുകയില ഉല്പന്നങ്ങൾ ശേഖരിച്ച് വൻതോതിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മൊത്തവില്പന നടത്തി വരികയായിരുന്നു.
തമിഴ്നാട്ടിൽ നിന്നും മിനിലോറിയിലും കൂളിംഗ് പേപ്പർ ഒട്ടിച്ചു മറച്ച കാറിലുമായാണ് ഇവർ പുകയില ഉല്പന്നങ്ങൾ കടത്തിക്കൊണ്ട് വരുന്നത്. വീടിന്റെ രണ്ടാം നിലയിലെ രണ്ടു മുറികളിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളുടെ വൻശേഖരവും, ഇവരുടെ കാറിൽ സൂക്ഷിച്ചിരുന്ന 15 ചാക്ക് പുകയില ഉല്പന്നവും കാറും പിടിച്ചെടുത്തു. ഫൈസൽ 40 ചാക്ക് സാധനവുമായി കൊല്ലത്ത് വില്പനക്ക് പോയതായി ഭാര്യ മെഹറുനീസ പൊലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടുന്നതിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി ഡി.സി.പി ഡോ. ദിവ്യ.വി.ഗോപിനാഥ് അറിയിച്ചു.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോവളം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ അനീഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐഗോപകുമാർ, എ.എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ സജികുമാർ, ഷിബു, രഞ്ജിത്, അരുൺ, നാജി ബഷീർ, ഷിബു, സരിത, രമ്യ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.