
കാസർകോട്: ചോരക്കുഞ്ഞിന്റെ മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതം. സംഭവത്തിന്റെ ചുരുളഴിക്കാനായി മാതാവിനെ ഇന്ന് ചോദ്യം ചെയ്യുമെന്ന് ബദിയടുക്ക പൊലീസ് പറഞ്ഞു. 
ശാഹിനയ്ക്ക് ഏതെങ്കിലും തരത്തിൽ മാനസിക പ്രശ്നങ്ങളോ മറ്റോ ഉണ്ടായിട്ടില്ല. അതിനാൽ കുഞ്ഞിന്റെ കൊലപാതകത്തിന് നേരിട്ട് ഒരു ഉത്തരം ശാഹിനയിൽ നിന്നും ലഭിച്ചാൽ മാത്രമേ അന്വേഷണം പൊലീസ് ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് പോകൂ. കേസന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഡി.എൻ.എ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
യുവതിയുടെ ആൺകുഞ്ഞിന് ഒരു വയസും രണ്ട് മാസവും മാത്രമേ പ്രായമായിട്ടുള്ളു. ആദ്യ പ്രസവം നടന്ന് മാസങ്ങൾക്കുള്ളിൽ യുവതി രണ്ടാമതും ഗർഭിണിയായതായാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയമൊന്നും ഭർത്താവ് മൊഴിയെടുത്തപ്പോൾ ഉന്നയിച്ചിട്ടില്ല.
എറണാകുളത്ത് ഷവർമ മേക്കറായ ഭർത്താവ് ശാഫി ഈ സമയത്തെല്ലാം നാട്ടിലുണ്ടായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ട്. അതു കൊണ്ടു തന്നെ കുഞ്ഞിന്റെ പിതൃത്വത്തിൽ നിലവിൽ സംശയങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. 
ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ശാഹിനയുടെ നവജാത ശിശുവിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ കട്ടിലിനടിൽ കണ്ടെത്തിയത്. ശാഹിനയെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ശാഹിന പ്രസവിച്ചതായി ഡോക്ടർ അറിയിച്ചിരുന്നു.
എന്നാൽ, വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറഞ്ഞത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ കുഞ്ഞിന്റെ കഴുത്തിൽ സാംസംഗ് ഇയർഫോണിന്റെ വയർ മുറുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവ് ശാഫിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുഞ്ഞിന്റെ മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ പോസ്റ്റ്മോർട്ടം നടത്തിയതിലാണ് ചോരക്കുഞ്ഞിനെ കഴുത്ത് മുറുക്കി കൊന്നതാണെന്ന് വ്യക്തമായത്. 
ഇതോടെ കേസ് കൊലക്കുറ്റമാക്കി മാറ്റി കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജനിച്ച് മണിക്കൂറുകൾക്കകമാണ് ആരോഗ്യമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത്. ശാഹിന പ്രസവിച്ച വിവരം വീട്ടുകാരോട് മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗർഭിണിയായ വിവരം വീട്ടുകാരെ അറിയിച്ചില്ലെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു.