
തിരുവനന്തപുരം: സാഹസിക വിനോദ സഞ്ചാര മേഖലയിൽ നിർണ്ണായക ചുവടുവയ്‌പ്പായ സാഹസിക ടൂറിസം അക്കാദമിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. കാട്ടാക്കട മണ്ഡലത്തിലെ ശാസ്‌താംപാറയിലാണ് സാഹസിക അക്കാദമി തുടങ്ങുന്നത്. തുടക്കമെന്ന നിലയിൽ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായ കോണ്ടൂർ സർവേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സർവേ) 23 ന് തുടങ്ങും.രണ്ടു ദിവസത്തെ കോണ്ടൂർ സർവേയ്‌ക്കു ശേഷം വിശദമായ റിപ്പോർട്ടിലേക്ക് കടക്കും. അക്കാദമിക്കുവേണ്ടി കണ്ടെത്തിയ ശാസ്‌താംപാറയിൽ വിനോദസഞ്ചാര വകുപ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. അക്കാദമിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമായി കണ്ടെത്തിയത് ശാസ്‌താംപാറയെയാണ്.മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അക്കാദമി സ്ഥാപിക്കുന്നത് 2017 ലെ വിനോദ സഞ്ചാര നയത്തിന്റെ ഭാഗമായി നിയമസഭയിൽ പ്രഖ്യാപിച്ചത്.നിർദ്ദിഷ്ട അഡ്വഞ്ചർ ടൂറിസം അക്കാദമിക്കായി ഭൂമി കൈമാറുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും 2021 ഫെബ്രുവരിയോടുകൂടി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നും ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.