
ബ്രീട്ടീഷ് ഭരണകാലഘട്ടത്തിൽ ഭാരതീയ സംസ്‌കാരം ചവിട്ടി മെതിക്കപ്പെട്ടിരുന്നു. കിരാതമായ ജാതിയുടെ ഇരുട്ടിന്റെ അടിത്തട്ടിലമർന്നിരുന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യഭാഗത്ത് 1914 തമിഴ് പഞ്ചാംഗ പ്രകാരം മാർകഴി മാസം (മലയാള മാസം ധനു) അശ്വതി നക്ഷത്രത്തിൽ മുത്തുകുമാരൻ രുഗ്മിണി അമ്മാൾക്ക് ജനിച്ച പുത്രനായിരുന്നു സുബ്ബരായർ.
വേദോപനിഷത്ത് ബ്രാഹ്മണ്യത്തിന്റെ മാത്രമായിരുന്ന കാലഘട്ടം എല്ലാ അതിർരേഖകളെയും തകർത്ത് സ്വായത്തമാക്കി കൊണ്ട് അയ്യാഗുരു സ്വാമികൾ നാനാജാതിമത സമൂഹത്തിൽ നിന്നും സാമൂഹിക പരിഷ്‌കർത്താക്കളെ സൃഷ്ടിച്ചു. സാമൂഹ്യ പരിഷ്‌കർത്താക്കളായ നാരായണഗുരു സ്വാമികൾ, ചട്ടമ്പിസ്വാമികൾ, മഹാത്മാ അയ്യൻങ്കാളി, ഇതരമതസ്ഥരായ തക്കല പീർമുഹമ്മദ് മക്കടിലബ്ബ, ഫാ: ഫർണാണ്ടസ്, സുബ്ബരായ്യർ മനോന്മണീയം സുന്ദരംപിള്ള എന്നിവരെ ഒപ്പമിരുത്തി നടത്തിയ പന്തിഭോജനം ഒരു നിശബ്ദവിപ്ലവ നവോത്ഥാനത്തിനു തിരിതെളിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനിടയിൽ തന്നെ കാണാൻ വന്ന ഭക്തരോട് അവിടെ നടക്കുന്ന മൃഗബലിയും അയിത്തവും പാപമാണെന്നു പറഞ്ഞിരുന്നു. തൈപ്പൂയ ദിവസങ്ങളിൽപന്തിഭോജനം നടത്തി വന്നതിൽ നാനാജാതി മതസ്ഥരും പങ്കെടുത്തിരുന്നു. ബ്രാഹ്മണർ മുതൽ പുലയർ സമുദായത്തിൽ നിന്നുവരെ ശിഷ്യന്മാരുണ്ടായിരുന്നു ജാതിയുടെയോ, മതത്തിന്റെയോ, വർണവർഗ്ഗത്തിന്റെയോ പേരിൽ നടന്ന എല്ലാ ചൂഷണങ്ങളെയും എതിർത്തിരുന്നു. സംസ്‌കൃതത്തിലെ വജ്രസൂചി കോപനിഷത്തിന്റെ വ്യാഖ്യാനവും, ശൈവ സിദ്ധാന്തവും ശിഷ്യരെ പഠിപ്പിച്ചിരുന്നു. മേൽജാതി സമൂഹങ്ങളിൽ നിന്നും കഠിനമായ എതിർപ്പുണ്ടായിട്ടും അയ്യാഗുരുസ്വാമികളുടെ സിദ്ധാന്തം ശിഷ്യർ പഠിപ്പിച്ചു.
1084 മിഥുന മാസത്തിലെ അവസാന ചൊവ്വാഴ്ച (1909 ജൂലൈ 13) പതിവുപോലെ ഔദ്യോഗികകാര്യങ്ങൾക്കായി മഹാരാജാവുമായുള്ള കൂടിക്കാഴ്ചയിൽ അടുത്ത ചൊവ്വാഴ്ച താൻ സമാധിയാവാൻ തീരുമാനിച്ചിരിക്കുന്നു എന്നറിയിച്ചു. മാറ്റിവയ്ക്കാൻ പാടില്ലേയെന്ന് ചോദിച്ചപ്പോൾ ഇല്ല നിശ്ചയിച്ചു പോയി എന്നായിരുന്നു മറുപടി. കൊട്ടാരം വളപ്പിൽ സമാധി ഇരുത്താനുള്ള ഒരുക്കങ്ങൾ നടത്താമെന്ന് രാജാവ് പറഞ്ഞപ്പോൾ സന്തോഷത്തോടെ നിരസിച്ചുകൊണ്ട് ശ്മശാനത്തിൽ സമാധി മതിയെന്നായിരുന്നു ഗുരുവിന്റെ മറുപടി. ഇളയ തമ്പുരാട്ടി (സേതു പാർവ്വതിഭായി) നാലുവർഷം കഴിഞ്ഞ് ഒരു ആൺകുഞ്ഞിന് ജന്മം നല്കുമെന്നും ആ കുട്ടി ''കടശ്ശിരാജാ'' ആയിരിക്കുമെന്നും ഭാരതത്തിന്റെ വടക്കേഭാഗം വേർപെട്ടു പോകുമെന്നും പ്രവചി ച്ചു. തന്നെ കാണാൻ വന്ന അയ്യൻകാളിയോട് പ്രജാസഭയിൽ അംഗമാകുമെന്നും, 'ഉന്നുടെ ചിത്രം രാജാക്കന്മാർ പോലും കൈയ്യിൽ വയ്‌ക്കുമെന്നും' പ്രവചിച്ച ക്രാന്തദർശിയായ സിദ്ധനായിരുന്നു തൈയ്ക്കാട്ട് അയ്യാഗുരുസ്വാമികൾ. മാറ്റത്തിന്റെ സൃഷ്ടാവായ മഹാഗുരു ശിവരാജയോഗി അയ്യാഗുരു സ്വാമികളെ സാംസ്‌കാരിക കേരളം മറന്നുപോയി എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ദീർഘകാലം ഔദ്യോഗികവസതിയായിരുന്ന തൈയ്ക്കാട്ടുള്ള ഇന്നത്തെ ഭാരതഭവനിൽ അദ്ദേഹത്തിന്റെ ചിത്രം പോലും സൂക്ഷിക്കുന്നില്ല എന്നത്.
.
(അയ്യാഗുരു സ്വാമി ധർമ്മപരിഷത്ത് ജനറൽ സെക്രട്ടറിയാണ് ലേഖകൻ. ഫോൺ: 8089246716)