
വർക്കല: എട്ടുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്ന് യുവാക്കളെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. മേൽ തോന്നയ്ക്കൽ പാട്ടത്തിൽ മുറിയിൽ ആബിദ മൻസിലിൽ നിന്ന് തിരുവനന്തപുരം കാട്ടായിക്കോണം മേലേവിള വിജയാനിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിക് തോന്നയ്ക്കൽ എന്ന ആഷിക് ഹുസൈൻ (35), മേൽ തോന്നയ്‌ക്കൽ കൊയ്‌ത്തുർക്കോണം കുന്നുകാട് ഷംനാദ് മൻസിലിൽ നിന്നും വർക്കല രാമന്തളി സബീന മൻസിലിൽ താമസിക്കുന്ന മമ്മു എന്ന മുഹമ്മദ് ഹനീഫ (23), അയിരൂർ വില്ലി കടവ് പാലത്തിനുസമീപം ശ്രീനിലയം വീട്ടിൽ അച്ചു എന്ന അച്ചു ശ്രീകുമാർ (20) എന്നിവരാണ് അറസ്റ്റിലായത്. ആഷിക് ഹുസൈൻ ജീവകാരുണ്യപ്രവർത്തകനാണ്. ഇവർ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളിൽ 2000, 500, 200, 100 രൂപകളുടെ കള്ളനോട്ടുകൾ വിതരണം നടത്തി വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിന്റർ, മഷി, ഹോളോഗ്രാം, പേപ്പർ, സീൽ എന്നിവ ഉൾപ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ വ്യാജ കറൻസികളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വർക്കല പാപനാശം ടൂറിസം മേഖലയിലെ ചില കച്ചവട സ്ഥാപനങ്ങളിൽ 2000 രൂപയുടെ കള്ളനോട്ടുകൾ പ്രചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ റിസോർട്ടിലുള്ള രണ്ടുപേർ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതായി കണ്ടെത്തി. ഇവിടെയുണ്ടായിരുന്ന മുഹമ്മദ് ഹനീഫ, അച്ചു എന്നിവരിൽ നിന്നുമാണ് 2000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്നാണ് കള്ളനോട്ട് നിർമ്മിച്ച് വിതരണം ചെയ്യുന്ന ആഷിക് തോന്നയ്‌ക്കലിനെക്കുറിച്ച് വിവരം ലഭിച്ചത്. ആഷിക്കിന്റെ കാട്ടായിക്കോണം വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാജനോട്ടുകളും നോട്ട് നിർമ്മിക്കാനുള്ള സാധനസാമഗ്രികളും കണ്ടെത്തിയത്. 40,000 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് എന്ന നിലയ്‌ക്കാണ് പ്രതികൾ വിനിമയം നടത്തി വന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം, ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. സമൂഹമാദ്ധ്യമങ്ങളിൽ ജീവകാരുണ്യ പ്രവർത്തകനായി അറിയപ്പെടുന്ന ആഷിക് നിരവധിയാളുകൾക്ക് വ്യാജനോട്ടുകൾ കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഹനീഫ, അച്ചു എന്നിവർക്കെതിരെ വർക്കല, അയിരൂർ സ്റ്റേഷനുകളിൽ മോഷണത്തിനും കഞ്ചാവ് കടത്തിനും കേസുകൾ നിലവിലുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വർക്കല എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ സാജൻ, അനിൽകുമാർ, ജയപ്രസാദ്, ഉത്തരേന്ദ്ര നാഥ്, രാധാകൃഷ്‌ണൻ, ലിജോ ടോംജോസ്, സി.പി.ഒമാരായ അജീസ്, സുരാജ്, മുരളീകൃഷ്‌ണൻ, ഹരീഷ്, അജിത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വർക്കല, പോത്തൻകോട് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.