
പോത്തൻകോട്: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെയും മകനെയും നാലംഗ ഗുണ്ടാസംഘം വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും വട്ടപ്പാറ പൊലീസ് പിടികൂടില്ലെന്ന് ആരോപണം. കഴിഞ്ഞ ദിവസം രാത്രി 9ഓടെ കന്യാകുളങ്ങരയിൽ പ്രവർത്തിക്കുന്ന ആർ.ബി ട്രേഡേഴ്സ് ഉടമ ചീരാണിക്കര കാരംകോട് ആബിദ ഭവനിൽ അസിം വൈദ്യർ (59 ),മകൻ അജിംഷാ ( 36 ) എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിൽ മടങ്ങുകയായിരുന്ന അസിംവൈദ്യരെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്കുകളിലെത്തിയ നാലംഗ സംഘം ആക്രമിക്കുകയും പിന്നാലെയെത്തിയ അജിംഷായുടെ ബൈക്ക് അക്രമികൾ ഇടിച്ചിടുകയും ഇയാളെ മർദ്ദിക്കുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന വാമദേവൻ എന്നയാൾ ബൈക്കിൽ നിന്ന് തെറിച്ചുവീണിരുന്നു. അജിംഷായെ സംഘം മർദ്ദിക്കുന്നതിനിടെ നാട്ടുകാർ ഓടിക്കൂടുന്നതുകണ്ട ഗുണ്ടകളിൽ മൂന്നുപേർ ബൈക്കിൽ രക്ഷപ്പെട്ടു. സംഘത്തിലെ ഉൾപ്പെട്ട വിളപ്പിൽശാല വാഴവിളാകം അഖിൽ ഭവനിൽ അഖിലിനെ ( 25 ) നാട്ടുകാർ പിടികൂടി വട്ടപ്പാറ പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആറുമാസം മുമ്പ് ഇരുവർക്കുനേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു. പരാതി നൽകിയിരുന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിരുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രതിയെ റിമാന്റ് ചെയ്‌തു.